ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന പച്ചത്തുരുത്തുകളില്‍ ഇനി കണ്ടല്‍ പച്ചത്തുരുത്തും. ഹരിതകേരളം മിഷനും ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം മുതല്‍ തിരുവനന്തപുരം ജില്ലകളില്‍ 33 പഞ്ചായത്തുകളിലാണ് കണ്ടല്‍ പച്ചത്തുരുത്തുകള്‍ യാഥാര്‍ഥ്യമാകുന്നത്. ഇതിന്റെ ഭാഗമായി 14 ഏക്കര്‍ വിസ്തൃതിയില്‍ 59 കിലോമീറ്റര്‍ ദൂരം കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. പദ്ധതി നടത്തിപ്പു സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ടി.എന്‍. സീമ.
അവിടവിടെയായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതോടൊപ്പം കൂട്ടത്തോടെ മരങ്ങള്‍ നട്ടാല്‍ പ്രയോജനം ഏറെയാണെന്ന് നിലവിലുള്ള പച്ചത്തുരുത്തുകള്‍ തെളിയിക്കുന്നതായി ഇതു സംബന്ധിച്ചുള്ള അവസ്ഥാ പഠനം പറയുന്നതായും ഡോ. ടി.എന്‍. സീമ കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഷ്ടപ്പെട്ട ഒരു ഹെക്ടറില്‍ താഴെ വരുന്ന കണ്ടല്‍ പ്രദേശത്തിനു പകരം മറ്റ് സ്ഥലങ്ങളില്‍ ഇത് പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് കണ്ടല്‍ പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടുന്നതെന്ന് ശില്‍പശാലയില്‍ സംസാരിച്ച ദക്ഷിണ റെയില്‍വേ ലാന്റ് അക്വിസിഷന്‍ അസോസ്സിയേറ്റ് കെ.എസ്. പരീത് പറഞ്ഞു.
കണ്ടല്‍ പച്ചത്തുരുത്തുകള്‍ തീര്‍ക്കുന്നതിലും തൈകള്‍ക്ക് അഞ്ചുവര്‍ഷം വരെ പരിപാലനം ഉറപ്പാക്കാനും തൊഴിലുറപ്പു പദ്ധതിയുടെ സേവനം ലഭ്യമാക്കുമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസര്‍ പി. ബാലചന്ദ്രന്‍ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ടെക്നിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ്, ഹരിതകേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്ററായ എസ്.യു. സഞ്ജീവ്, പ്രോഗ്രാം ഓഫീസര്‍ കൃഷ്ണകുമാര്‍, നവകേരളം കര്‍മപദ്ധതി അസി. കോര്‍ഡിനേറ്റര്‍ ടി. പി. സുധാകരന്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു. കണ്ടല്‍ ചെടികളില്‍ പ്രാവീണ്യം നേടിയ പ്രായോഗിക വിദഗ്ധരും ശില്‍പശാലയില്‍ പങ്കെടുത്തു.
വളരെയധികം വ്യത്യസ്ത കണ്ടല്‍ തൈകള്‍ പരിപാലിക്കുന്ന കണ്ടല്‍ ദിവാകരന്‍ പി. വി., കണ്ടല്‍ നട്ടുപിടിപ്പിക്കുന്നതിനായി ജീവിതത്തില്‍ ഏറെ സമയം ചെലവിട്ട കല്ലന്‍ പൊക്കുടന്റെ മകനും കണ്ടല്‍ പ്രചരണത്തില്‍ സജീവമായ ശ്രീജിത്ത് പൈതലന്‍, കണ്ടല്‍ച്ചെടി വ്യാപനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന മുരുകേശന്‍ ടി.പി., വി. രവീന്ദ്രന്‍, അജിത്കുമാര്‍, രഘുരാജ് എന്നവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. അതതു പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ തൈകളാകണം പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.