തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. വീല്‍ചെയറുകള്‍, ഹിയറിങ് എയ്ഡുകള്‍, ക്രച്ചസുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. 115 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള 85 പേരെ കണ്ടെത്തി.

തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇല്യാസ് കുന്നുംപുറത്ത്, എ.കെ വിനോദ്, എം.സി രമണി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദീപ, മാനു പുവ്വത്താണി, ലീല ചെത്തല്ലൂര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.