വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കാട്ടിനുള്ളില്‍തന്നെ   കുടിവെള്ളസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ജില്ലാ കലക് ടര്‍ എന്‍ ദേവിദാസ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വേനല്‍ക്കാല മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പരാമര്‍ശം. പക്ഷികള്‍ക്ക് വെള്ളം നല്‍കുന്നതിന് തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കണം. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് ജലദൗര്‍ലഭ്യം നേരിട്ടേക്കാവുന്ന പ്രദേശങ്ങള്‍ മുന്നിൽക്കണ്ട് ജലലഭ്യത ഉറപ്പ് വരുത്തണം. ഇതിന് വനം-മൃഗസംരക്ഷണ-തദ്ദേശ വകുപ്പുകള്‍ മുന്‍കൈ എടുക്കണം.

ചെറുതും വലുതുമായ എല്ലാ വെടിപ്പുരകളിലും പരിശോധന നടത്തണം. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംയുക്ത സംഘത്തെ ഇതിനായി നിയോഗിക്കണം.തീപിടുത്തം തടയാന്‍ വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഫയര്‍ലൈനുകള്‍ നിര്‍മിക്കണം. അഗ്‌നിരക്ഷാ സേന, കൃഷി വകുപ്പ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവുയടെ യോഗം താലൂക്ക് അടിസ്ഥാനത്തില്‍ ചേര്‍ന്ന് അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണം. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കൃത്യമായി നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണം.പരീക്ഷാ അവധിയായതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ പോകാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ പോകുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തണം. അപകടകരമായ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.  സ്‌കൂളുകളില്‍ കുട്ടികളെ അസംബ്ലികളില്‍ നിര്‍ത്തുന്നതും ജാഥകളിലും കൊണ്ടുപോകുന്നതും ഒഴിവാക്കണം.
ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പുറംതൊഴില്‍ ചെയ്യുന്നവര്‍ക്കായി സമയക്രമം പുന: ക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കണം. ജലദൗര്‍ലഭ്യമുള്ള കൃഷിയിടങ്ങിലേക്ക് ജലമെത്തിക്കാന്‍ കെ ഐ പി കനാല്‍വഴി ജനസേജനം നടത്തണം. ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വനംവകുപ്പ് ഉറപ്പ് വരുത്തണമെന്നും കലക് ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം സി.എസ്.അനില്‍, പുനലൂര്‍ ആര്‍ ഡി ഒ സോളി ആന്റണി, ഹസാഡ് അനലിസ്റ്റ് പ്രേം ജി  ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.