കാത്തിരിപ്പുകൾക്ക് ശേഷം ഭൂമിയുടെ അവകാശികളായ സന്തോഷത്തിലാണ് പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കളപ്പുര പറമ്പിൽ ജോയിയും ഭാര്യ ലീലാമ്മയും. സ്വന്തം ഭൂമി കണക്കെ ഉപയോഗിക്കുകയാണെങ്കിലും ഭൂമിയുടെ അവകാശികൾ ആകാത്ത സങ്കടത്തിലായിരുന്നു 73 കാരനായ ജോയിയും 68 കാരിയായ ഭാര്യ ലീലാമ്മയും.ആ സങ്കടത്തിനാണ് തേക്കിൻ കാട് മൈതാനിയിൽ നടന്ന സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരിട്ട് പട്ടയം കൈപ്പറ്റിയതോടെ പരിഹാരമായത്.
1970 മുതൽ ജോയിയുടെ മാതാപിതാക്കളായി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തരിശ് റവന്യൂ ഭൂമിയിൽ ജീവിച്ചു വരികയായിരുന്നു. ജോയിയുടെ എട്ടര സെൻ്റ് സ്ഥലത്തിനാണ് പുറമ്പോക്ക് പട്ടയം ലഭിച്ചത്.
കാലങ്ങളോളം കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ജോയി കഴിഞ്ഞ 12 വർഷമായി നിത്യരോഗിയാണ്. വിവാഹിതരായ രണ്ട് പെൺമക്കൾക്കളാണ് ജോയിക്കുള്ളത്. നടുവിനും കാലിനും വയ്യാതെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജോയിയുടെ നിത്യ ചെലവുകളും മരുന്നുകളുടെ ചെലവും മുന്നോട്ട് പോകുന്നത് രക്തത്തിൻ്റെ കൗണ്ട് കുറയുന്ന അസുഖമുള്ള ഭാര്യ ലീലാമ്മ വീട്ടുപണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ്. പ്രയാസങ്ങൾക്കിടയിലും ഭൂമിയുടെ അവകാശികളായതിൻ്റെ സന്തോഷത്തിലും മനസമാധാനത്തിലുമാണ് ജോയിയും ഭാര്യ ലീലാമ്മയും.