നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സംഘടിപ്പിക്കുന്ന റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും. മാര്‍ച്ച് മൂന്നിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2000 പേര്‍ പങ്കെടുക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 150 വോളണ്ടിയേഴ്സിനെ ചുമതലപ്പെടുത്തും. പങ്കെടുക്കുന്നവരുടെ സൗകര്യത്തിനായി ഓരോ ജില്ലയ്ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജമാക്കും. കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന എറണാകുളം ജില്ലയ്ക്കായി കൂടുതല്‍ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. രാവിലെ 8 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.
മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പ്രത്യേകം വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് മുതലായ ജില്ലകളില്‍ നിന്നും മാര്‍ച്ച് രണ്ടിന് എത്തുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കായി റിന്യൂവല്‍ സെന്റര്‍, ഷീലോഡ്ജ് എന്നിവിടങ്ങളില്‍ താമസ സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒന്‍പത് സബ്കമ്മിറ്റികളാണ് പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുള്ളത്.