സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുന്നു: മന്ത്രി കെ. രാജന്‍
മലയോര പട്ടയം വിവരശേഖരണത്തിലൂടെ കേരളത്തില്‍ സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂരില്‍ നടന്ന മലയോര പട്ടയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവകാശികളായ മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമസ്ഥരാക്കുയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വനം-റവന്യൂ വകുപ്പുകള്‍ സംയുക്തമായി ഇടപെട്ടപ്പോള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ജോയിന്റ് വെരിഫിക്കേഷന്‍ നടത്താന്‍ പുതിയ അപേക്ഷകര്‍ക്ക് അനുവാദം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 2011 – 16 കാലഘട്ടത്തില്‍ 19 പട്ടയങ്ങളാണ് നല്‍കിയത്. എന്നാല്‍ 2018 – 23 കാലഘട്ടത്തില്‍ 2178 പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വനഭൂമിയില്‍ കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ ഇടപെടല്‍ നടത്തിയെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുന്നതിനും വാങ്ങിയ അപേക്ഷ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വകുപ്പിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് മലയോര പട്ടയങ്ങള്‍ സംബന്ധിച്ച് വിവരശേഖരണം ആരംഭിക്കുന്നത്. 1977 ജനുവരി 1 നു മുന്‍പ് വനഭൂമി കുടിയേറിയവരില്‍ നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണമാണ് മാര്‍ച്ച് 1 മുതല്‍ 15 വരെ നടത്തുന്ന വിവരശേഖരണം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ ഓരോ ചുവടുവെപ്പും.
മാന്ദാമംഗലം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ മിനി ഉണ്ണികൃഷ്ണന്‍, പി.പി രവീന്ദ്രന്‍, ഇന്ദിര മോഹന്‍, ശ്രീവിദ്യ രാജേഷ്, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, എഡിഎം ടി. മുരളി, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.