ലോക കായിക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതായി നിര്‍മിച്ച പിണറായി നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കായിക ഇനങ്ങളില്‍ മികച്ച പരിശീലന സൗകര്യങ്ങളൊരുക്കുകയാണ് സരക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒട്ടേറെ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും നീന്തല്‍ കുളങ്ങളും നിര്‍മിച്ചുവരികയാണ്. കായിക രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ ദേശീയ-അന്തര്‍ ദേശീയ മല്‍സരങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചുവരികയാണ്. ഇത്തരം സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പുതുതലമുറ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു,
ജനങ്ങളുടെ കായിക വികസനവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് കായിക യുവജന കാര്യ ഡയരക്ടറേറ്റിന്റെ നേതൃത്വത്തിലാണ് എരുവട്ടിയില്‍ 1.22 കോടി രൂപ ചെലവില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അനുബന്ധമായി ഡ്രസ്സിംഗ് റൂം, പ്ലാന്റ് റൂം, നീന്തല്‍ പരിശീലന ഉപകരണം, ജല ശുദ്ധീകരണ സംവിധാനം, ചുറ്റുമതില്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് നീന്തല്‍ ട്രാക്കുകളുള്ള സ്വിമ്മിംഗ് പൂളിനോടനുബന്ധിച്ച് പരിശീലനത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ബ്ലോക്ക്, ഫ്‌ളോട്ട് ലെയിന്‍, എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകള്‍, ടോയ്‌ലറ്റുകള്‍, ടിക്കറ്റ് കൗണ്ടര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
എരുവട്ടിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ-സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എം പി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് സ്വാഗതവും കോങ്കി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. കായിക യുവജന കാര്യാലയം ഡയരക്ടര്‍ സഞ്ജയന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വിമ്മിംഗ് പൂളിന്റെ ഓഫീസിനും കിണറിനും സൗജന്യമായി സ്ഥലം നല്‍കിയ കെ ഇസ്മായീല്‍, എല്‍ഇഡി ലൈറ്റ് സൗജന്യമായി നല്‍കിയ ശിവരാമകൃഷ്ണന്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധി രമേശന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
പരിസ്ഥിതിയെയും ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് നവീകരിച്ച മുണ്ടലൂര്‍ കുളം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനസൃഷ്ടിയിലും ഈ രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. പ്രളയം പോലുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നവകേരള നിര്‍മാണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ മഴക്കാലം കഴിയുന്നതോടെ ജലക്ഷാമം നേരിടുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. ഹരിതകേരള മിഷന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ എട്ട് പുഴകള്‍ വീണ്ടെടുക്കാനും 5000ത്തിലേറെ കുളങ്ങളും 4000ത്തിലേറെ കിണറുകളും നിര്‍മിക്കാനും ഉപയോഗശൂന്യമായ ആയിരക്കണക്കിന് കിണറുകളും നൂറുകണക്കിന് തോടുകളും വീണ്ടെടുക്കാനും സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 54 ലക്ഷം രൂപ ചെലവഴിച്ചാണ് 400ലേറെ വര്‍ഷം പഴക്കമുള്ള അണ്ടലൂര്‍ കുളം നവീകരിച്ചത്. പെരളശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
