തികഞ്ഞ ഭൗതികവാദിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ചരിത്രത്തില്‍ നിന്നും തമസ്കരിക്കപ്പെടേണ്ട വ്യക്തിയല്ലായെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പാലക്കാട് ജില്ലാതലത്തില്‍ നടത്തുന്ന ശിശുദിനാഘോഷങ്ങള്‍ മോയന്‍ എല്‍ .പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അധ്വാനിക്കാനുള്ള കഴിവും ബുദ്ധിശക്തിയുമാണ് ലോകത്തെ മാറ്റങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം വിശ്വസിച്ചു. രാജ്യത്തെ സമ്പത്ത് വ്യക്തികള്‍ക്കോ കുത്തകകള്‍ക്കോ കൈയ്യാളാനുള്ളതല്ല എന്ന് വാദിച്ച നെഹ്റു രാജ്യത്തെ പൊതുമേഖലയെ ശക്തിപ്പെടുത്തി. സ്വതന്ത്ര സമരകാലത്ത് ഗാന്ധിജിയോട് അഭിപ്രായഭിന്നതയുണ്ടായിരുന്നപ്പോഴും പിതൃതുല്യമായ ആദരവും ബഹുമാനവും ഗാന്ധിജിക്ക് നെഹ്റു നല്കി. നെഹ്റുവിന്റെ കഴിവിലും മൗലികമായ ഈ പ്രത്യേകതകളുമാണ് നെഹ്റുവിനു പകരം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മറ്റൊരാളെ നിര്‍ദേശിക്കാതിരിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഏവര്‍ക്കും ഓര്‍ക്കാനും അഭിമാനിക്കാനും കഴിയുന്നതാണ് നെഹ്റുവിന്റെ ജീവിതം. അദ്ദേഹത്തിന്റെ ലോകവിവരം ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ചരിത്രത്തെ അദ്ദേഹം സ്വതന്ത്രമായി സമീപിച്ചു. നെഹ്റുവിന്റെ ചരിത്ര രചനകളില്‍ അത് തെളിഞ്ഞുകാണാം.ജയിലില്‍ നിന്ന് നെഹ്റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്തുകള്‍ വ്യക്തി ബന്ധങ്ങളെയല്ല തികഞ്ഞ ലോക മാനവികതയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഭാരതചരിത്രത്തില്‍ ഗാന്ധിജിക്കൊപ്പം ചേര്‍ത്തുവെക്കേണ്ട പേരാണ് നെഹ്റുവിന്റേത്. പുതിയ തലമുറ എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ട വലിയ മനുഷ്യനെ ചരിത്രത്തില്‍ നിന്നും മായ്ക്കാനുള്ള ശ്രമം ശക്തമാണ്. അത് സംഭവിക്കാതിരിക്കാനാണ് സാംസ്കാരികവകുപ്പ് നെഹ്റു സ്മൃതി സംഘടിപ്പിക്കുന്നതെന്നും പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ ടി കെ നാരായണദാസ് പുസ്തക പ്രകാശനം നടത്തി. ഒ.വി വിജയന് സ്മാരകസമിതി സെക്രട്ടറി ടി ആര് അജയന് പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ പള്ളിയറ ശ്രീധരന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ഖാസിം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ പ്രസന്നകുമാരി, മോയന്‍ എല്‍.പി സ്കൂള്‍ പ്രധാന അധ്യാപിക മണിയമ്മ,വിദ്യാരംഗം ജില്ലാ കോര്‍ഡിനേറ്റര്‍ പി ഒ കേശവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
