സ്ഥാനാര്‍ഥി/ ഏജന്റുമാരുടെ യോഗം നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേര്‍ന്നു
അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്ത് മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവർ നിര്‍ബന്ധമായും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജ. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് നിര്‍ദേശം.
സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍, പാലങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിക്കരുത്. പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയായും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍ ഇവ നീക്കം ചെയ്യും. ആയതിന്റെ ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ കണക്കിലും ഉള്‍പ്പെടുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയോടെ പോസ്റ്ററുകള്‍ പതിക്കാം. പ്രചാരണ വേളയില്‍ മതം, ജാതി, വിശ്വാസം എന്നിവയെ ഹനിക്കുന്ന ഒന്നും ഉണ്ടാവരുത്. ഏത് പ്രചാരണ പ്രസിദ്ധീകരണങ്ങളിലും പ്രിൻ്റർ & പബ്ലിഷറുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് നിര്‍ബന്ധമായും എം.സി.എം.സിയില്‍ നിന്നും പ്രീ- സര്ട്ടിഫിക്കേഷന് വാങ്ങണം. ഘോഷയാത്ര, റാലി, റോഡ് ഷോ എന്നിവ നടത്തുന്നതിന് മുമ്പായി തന്നെ വരണാധികാരിയുടെ അനുമതി നേടണം. പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമുണ്ടാവാത്ത രീതിയിലായിരിക്കണം ക്രമീകരണം. സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തിപരമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും പ്രചാരണത്തിനായി ഉപയോഗിക്കരുത്. നിശ്ചിത മാതൃകയില്‍ മാധ്യമങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് പരസ്യം പ്രസിദ്ധീകരിക്കണം. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിക്കാനാവില്ല. ഒരു മുഖ്യ ഏജന്റിന് മാത്രമാണ് അനുമതി.
വോട്ടിങ് മെഷീന് സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍, പ്രശ്നസാധ്യതാ ബൂത്തുകള്‍, പ്രശ്നബാധിത ബൂത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കും. ആവശ്യനുസരണം കൂടുതല്‍ പൊലിസിനെ വിന്യസിക്കും.
പോസ്റ്റല്‍ വോട്ടിങ്
നാലു തരത്തിലായാണ് പോസ്റ്റല്‍ വോട്ടിങ് സംവിധാനം. ഭിന്നശേഷിക്കാര്‍ക്കും 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. ഇവരുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. അവശ്യസര്‍വീസിലെ ആബ്സൻറി വോട്ടര്‍മാരാണ് മറ്റൊരു വിഭാഗം. ഇവര്‍ക്കായി പോളിങ് ദിവസത്തിന് മുന്നോടിയുള്ള ദിവസങ്ങളില്‍ ഒരുക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താം. അയല്‍ ജില്ലകളിലും ഇതര പാര്‍ലമെന്ററി മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവര്‍ക്ക് അതത് നിയമസഭാ മണ്ഡലങ്ങളില്‍ തയ്യാറാക്കുന്ന പോസ്റ്റല്‍ വോട്ടിങ് ഫെസിലിറ്റി കേന്ദ്രത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. സ്വന്തം പാര്‍ലമെൻ്റ് മണ്ഡലത്തില്‍ തന്നെ ഡ്യൂട്ടി ലഭിച്ചവര്‍ക്ക് ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും വോട്ട് ചെയ്യാം.
വോട്ടര്‍ സ്ലിപ് വിതരണം, എ.എസ്.ഡി ലിസ്റ്റ്
വോട്ടെടുപ്പ് ദിവസത്തിന് അഞ്ചുദിവസം മുന്നോടിയായി വോട്ടേഴ്സ് സ്ലിപ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യും. എല്ലാ വീടുകളിലും സ്ലിപ്പുകള്‍ എത്തുന്നുണ്ടെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നീരിക്ഷിച്ച് ഉറപ്പാക്കും. ഇത്തവണ ബാര്‍കോഡ്, പോളിങ് സ്റ്റേഷന് ലൊക്കേഷന്‍ സഹിതമാണ് സ്ലിപ്പ് തയ്യാറാക്കുന്നത്. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടര്‍ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടര്‍മാരുടെ അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്സന്‍സ്, ഷിഫ്റ്റ്, ഡെത്ത് -എ.എസ്.ഡി) എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് പ്രിസൈഡിങ് ഓഫീസര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കൂ.
ചെലവ് രജിസ്റ്റര്‍ സൂക്ഷിക്കണം
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദൈനംദിന ചെലവുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി നിര്‍ബന്ധമായും സൂക്ഷിക്കണം. 10000 രൂപ മുതൽ മുകളിലേക്ക് പണമായി ഇടപാടുകള്‍ നടത്തരുത്. ഇതിന് മുകളിലുള്ള വരവ് ചെലവുകള്‍ ഓണ്‍ലൈന്‍, ഡി.ഡി, ചെക്ക് മുഖേന മാത്രമേ നടത്താവൂ. തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച റേറ്റ് ചാര്‍ട്ട് പ്രകാരമാണ് ചെലവുകള്‍ കണക്കാക്കുക. 95 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാനാവുക. ഏപ്രില്‍ 12, 18, 23 തീയതികളില്‍ ചെലവ് സംബന്ധിച്ച പരിശോധന കളക്ട്രേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ആരംഭിക്കും.
കളക്ടേറ്ററിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊതു നിരീക്ഷക പി. പ്രശാന്തി, പോലീസ് നിരീക്ഷകന് സുരേഷ് കുമാര്‍.എസ്. മെംഗഡെ, ചെലവ് നിരീക്ഷക മാനസി സിങ്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, സ്വതന്ത്ര സ്ഥാനാര്‍ഥികളായ എം.എസ് ജാഫര്‍ഖാന്‍, ജോഷി വില്ലടം, സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായ കെ.പി രാജേന്ദ്രന്, പി.ജി ഉണ്ണികൃഷ്ണന്, ടി.വി ചന്ദ്രമോഹന്, കെ.വി ദാസന്, കെ.ബി ജയറാം, വിജയന് മേപ്രത്ത്, രവികുമാര്‍ ഉപ്പാത്ത്, പി.പി ഉണ്ണിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.