പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട പരാതികളില്‍ പരിഹാരം കാണേണ്ടത് വിവിധ വകുപ്പുകളാണെന്നും കമ്മീഷന്‍ ഇടപെട്ട പരാതികളില്‍ വകുപ്പുകള്‍ കൃത്യമായി പരിഹാരം കാണണമെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍  ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരാതി പരിഹാര അദാലത്തില്‍ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ജില്ലയില്‍ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണെന്നും എന്നാല്‍ റവന്യൂ, പോലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 2022 ലാണ് അവസാനമായി കാസര്‍കോട് ജില്ലയില്‍ കമ്മീഷന്‍ അദാലത്ത് നടത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജില്ലയിലെത്തുന്നത്. റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളതെന്നും കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പറഞ്ഞു.
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ഈ വര്‍ഷത്തെ ഏഴാമത്തെ പരാതി പരിഹാര അദാലത്ത് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ 124 പരാതികളാണ് പരിഗണിക്കുന്നത്. ആദ്യ ദിനം 63 പരാതികള്‍ പരിഗണിച്ചു. രണ്ടാം ദിവസം 61 പരാതികള്‍ പരിഗണിക്കും.  കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ അഡ്വ. സേതു നാരായണന്‍, ടി.കെ വാസു എന്നിവര്‍ പരാതികള്‍ കേള്‍ക്കുകയും ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.  പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും പരാതി എതിര്‍ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ പരിഹരിച്ചു. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.  പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കളക്ടര്‍ പ്രതീക് ജയിന്‍, പോലീസ്, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.