49ാം സീനിയർ നാഷണൽ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ ഫെബ്രുവരി 13 മുതൽ 16 വരെ അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ ആയിരത്തോളം താരങ്ങൾ അണിനിരക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ, യോഗ അസോസിയേഷൻ ഓഫ് കേരള, കേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ കായിക മേഖലയ്ക്കാകെയും യോഗ സ്‌പോർട്‌സിന് വിശേഷിച്ചും മുതൽക്കൂട്ടാകുന്ന ഒന്നായി ഈ ചാമ്പ്യൻഷിപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശരീരത്തിന്റെയും മനസ്സിന്റെയും ഏറ്റവും സന്തുലിതവും ആരോഗ്യകരവുമായ ഒത്തുചേരലാണ് യോഗ സാധ്യമാക്കുന്നത്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിനും മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവ പരസ്പര പൂരകവുമാണ്. ഇങ്ങനെയുള്ള ഒരു സമഗ്ര കാഴ്ചപ്പാട് മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ യോഗയെ പ്രോത്സാഹിപ്പിക്കുന്നത്.

കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി യോഗയെ ഉപയോഗപ്പെടുത്തുന്നതിനായുള്ള നടപടികൾ ഇതിനോടകം തന്നെ കേരളത്തിൽ സ്വീകരിച്ചിട്ടുണ്ട്.

പത്തുവർഷം കൊണ്ട് സമ്പൂർണ കായിക സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ആരോഗ്യ രംഗത്ത് ഉയർന്നുവരുന്ന പുതിയ വെല്ലുവിളികൾ മറികടക്കാൻ യോഗയെ പ്രയോജനപെടുത്തുക കൂടി ചെയ്യുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതാകും ഇത്തരം ചാമ്പ്യൻഷിപ്പുകൾ.

ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗയുടെ പ്രാധാന്യം എല്ലാ ജനങ്ങളിലേക്കുമെത്തിക്കുന്നതിനുമായി 2023 ജൂണിൽ യോഗ ദിനത്തോടനുബന്ധിച്ച് ആയിരം ആയുഷ് യോഗാ ക്ലബ്ബുകളും അറുനൂറ് വനിതാ യോഗാ ക്ലബ്ബുകളും വാർഡ് അടിസ്ഥാനത്തിൽ രൂപീകരിച്ചു.

ആയുഷ് മിഷൻ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിൽ ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും സ്‌കൂൾ കുട്ടികളുടേതടക്കം ശാരീരികവും മാനസികാവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലാ വിഭാഗം ജനങ്ങൾക്കും യോഗാ പരിശീലനം നൽകിവരുന്നുണ്ട്.

വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥപന തലത്തിൽ തന്നെ യോഗാ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതെല്ലാം തന്നെ യോഗയുടെ രംഗത്ത് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളുടെ ദൃഷ്ടാന്തങ്ങളാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിരവധിയായിട്ടുള്ള പ്രസ്ഥാനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ യോഗ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു എന്നത് സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ഏറെ അഭിമാനം പകരുന്ന ഒരു കാര്യമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു.

ഡി.കെ. മുരളി എം.എൽ.എ, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ, യോഗ ഫെഡറേഷൻ  ഓഫ് ഇന്ത്യ പ്രസിഡന്റ് ഇന്ദു അഗർവാൾ, യോഗാചാര്യനും എഴുത്തുകാരനുമായ ശ്രീ എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.