സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസ് തയാറാക്കിയ സമഗ്രം ‘കാട്ടാക്കട റിപ്പോർട്ട്’ ഐ.ബി. സതീഷ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജനസംഖ്യ, കൃഷി, വ്യവസായം, തൊഴിൽ വിവിധ മേഖലയിലുള്ള അടിസ്ഥാന സ്ഥിതിവിവരകണക്കുകൾ, സ്ത്രീ അവസ്ഥാ പഠനം, തുടങ്ങിയ സ്ഥിതിവിവരകണക്കുകൾ ആണ് റിപ്പോർട്ടിലുള്ളത്. 2011 സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനം വർദ്ധനവാണ് 2024 ൽ ജനസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. ഭവനങ്ങളുടെ എണ്ണത്തിലും വർധവുണ്ടായി. മണ്ഡലത്തിലെ സ്ത്രീ പുരുഷ അനുപാതം 1058 ആണ്.
അതിദരിദ്ര കുടുംബങ്ങളായി നിയോജക മണ്ഡലത്തിൽ കണ്ടെത്തിയിട്ടുള്ളത് 547 കുടുംബങ്ങളാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ 2025 ജനുവരി വരെയുള്ള കണക്ക് പ്രകാരം 174 (32 ശതമാനം) കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്നും മോചിതരായി.
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 4,197 പേരും, മാനസിക വെല്ലുവിളി നേരിടുന്ന 1,329 പേരും മണ്ഡലത്തിൽ ഉണ്ട്. ക്യാൻസർ ബാധിതരായ 1,032 പേരിൽ 67 ശതമാനം പേരും വനിതകളാണ്. കുടുംബ നാഥ, ഏക വനിത, അവിവാഹിത, അവിവാഹിതയായ അമ്മ എന്നിവർ യാഥാക്രമം 6325, 1577, 1653, 75 ആണ്.
2023-24 കാർഷിക വർഷത്തിൽ നെൽകൃഷി വിസ്തൃതി 4.59 ഹെക്ടർ ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 2023-24 കാർഷിക വർഷം 124 ശതമാനം വർദ്ധനവുണ്ടായി. കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ മാർക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുക. നെൽകൃഷി വർദ്ധിപ്പിച്ച് പാടശേഖരങ്ങളെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായി മാറ്റുക, ഗുണമേന്മയുള്ളതും അത്യൽപാദനശേഷിയുള്ളതുമായ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യുക, മണ്ണിന്റെ ഗുണമേന്മ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക. സ്ത്രീകൾക്കായി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഗണിക്കുക, വീട്ടുജോലികളിൽ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക, വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.