വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്. തദ്ദേശജീവിതം നിലനിർത്തിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും പൊതുവികാസവും നടപ്പാക്കി ടൂറിസം കേന്ദ്രമായി ഒരു പ്രദേശത്തെ മാറ്റുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. എക്‌സ്പീരിയൻഷ്യൽ ടൂറിസം എന്ന പുതിയ വിനോദസഞ്ചാര വിപ്ലവത്തിലേക്ക് കടന്നുകഴിഞ്ഞ സംസ്ഥാനമാണ് കേരളം.
വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയ മേഖലയിലെ 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. ഇവയുടെ സാധ്യതകളെ ശക്തിപ്പെടുത്തുകയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനുമുള്ള കേരള സർക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജൻസിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ (റെസ്പോൺസിബിൾ ടൂറിസം മിഷൻ-ആർടി മിഷൻ). 2017 ഒക്ടോബർ 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മിഷനിലൂടെ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്തുടനീളം നടപ്പിലാക്കാനായി. തദ്ദേശിയരായ 50,000 പേർക്ക് മിഷൻ നേരിട്ട് പരിശീലനം കൊടുത്തിട്ടുണ്ട്. കുമരകം, കോവളം, വൈക്കം, തേക്കടി, അമ്പലവയൽ, ബേപ്പൂർ, വൈത്തിരി, അയ്മനം, പൊന്നാനി, മടവൂർപാറ തുടങ്ങി നിരവധി പഴയതും പുതിയതുമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി വികസിപ്പിച്ചു.
ഗ്രാമീണ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക, ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി വികസനവും ആണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ മറ്റൊരു ലക്ഷ്യം. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും അരികുവത്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, അങ്ങനെ വിനോദസഞ്ചാരത്തിലൂടെ കൂടുതൽ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം, പെപ്പർ, സ്ട്രീറ്റ്, അഗ്രി ടൂറിസം നെറ്റ് വർക്ക്‌പോലുള്ള ടൂറിസം പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നു.
ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥിതിയുടെ വളർച്ചയ്‌ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. അതിന്റെ തുടർച്ചയായി സ്ത്രീസൗഹാർദ ടൂറിസം പദ്ധതിക്കും രൂപം നൽകി. ഒന്നര ലക്ഷം കുടുംബങ്ങൾ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാണ്. ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളിൽ 17632 (70%) യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകൾ നയിക്കുന്നതോ ആണ്. 2017-18 ൽ 4.51 കോടിയായിരുന്നു വരുമാനമെങ്കിൽ 2024-25 (2024 ഡിസംബർ 31 വരെ) 21.15 കോടിയായി അത് വർധിച്ചു.
ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി ദേശീയതലത്തിൽ അംഗീകാരം നേടി, കടലുണ്ടിയും കുമരകവും മികച്ച ടൂറിസം വില്ലേജുകൾക്കുള്ള ദേശീയ അംഗീകാരം നേടി. ലോക ടൂറിസം മാർട്ടിൽ സ്ട്രീറ്റ് പദ്ധതിക്കും പുരസ്‌കാരം ലഭിച്ചു എന്നിങ്ങനെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നിരവധി അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
കരുത്തോടെ കേരളം- 9