നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു. 73 കോളേജുകൾ പുതുതായി അനുവദിച്ചു. 30,000ൽ അധികം സീറ്റുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി സമഗ്രപാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കി എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ പരിപാടി (FYUGP) നടപ്പിലാക്കി. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടർ സംവിധാനം കൊണ്ടുവന്നു.
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നൽകാൻ കേരള റിസോഴ്സ് ഫോർ എജ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്ങ് (കെ-റീപ്പ്) എന്ന പേരിൽ സമഗ്ര വിഭവാസൂത്രണ സോഫ്റ്റ് വെയർ നടപ്പാക്കി. വിദ്യാർത്ഥികളിൽ ആശയങ്ങൾ വളർത്താൻ ‘യംഗ് ഇന്നിവേറ്റേഴ്സ് പ്രോഗ്രാം’, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’, ‘കണക്ട് കരിയർ ടു ക്യാംപസ്’ തുടങ്ങിയ പദ്ധതികൾ. വരുമാനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ബിരുദപഠനം പൂർത്തിയാക്കാനും ഉന്നതവിദ്യാഭ്യാസ പ്രോത്സാഹനത്തിനുമായി ആരംഭിച്ച മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിലൂടെ 1000 പേർക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനകം 20 കോടി രൂപ ചെലവാക്കി 2000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകികഴിഞ്ഞു. സ്ത്രീകൾ, എസ്.സി, എസ്.ടി തുടങ്ങിയ വിഭാഗങ്ങൾ ആർജിച്ച വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിൽ ഒൻപതു വർഷത്തിനിടെ കേരളത്തിൽ 18.9 ശതമാനം വർധനവുണ്ടായപ്പോൾ ദേശീയതലത്തിൽ വളർച്ച ഏഴു ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന ആൺകുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വർധിച്ചുകഴിഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, വിദ്യാഭ്യാസ ഗുണനിലവാരത്തിലും കേരളം ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. 247 സ്ഥാപനങ്ങൾക്ക് നാക് അക്രഡിറ്റേഷൻ ലഭിച്ചു. കേരള, മഹാത്മാഗാന്ധി സർവകലാശാലകൾക്ക് എ ഡബിൾ പ്ലസും കാലിക്കറ്റ്, കുസാറ്റ്, സംസ്കൃത സർവകലാശാലകൾക്ക് എ പ്ലസും ഗ്രേഡുകൾ. 24 കോളേജുകൾക്ക് എ ഡബിൾ പ്ലസ്, 43 കോളേജുകൾക്ക് എ പ്ലസ്, 68 കോളേജുകൾക്ക് എ ഗ്രേഡുകൾ. എൻഐആർഎഫ് റാങ്കിംഗിൽ സർവകലാശാലകളുടെ പട്ടികയിൽ ആദ്യ ഇരുന്നൂറിൽ സംസ്ഥാനത്തെ 42 കോളേജുകൾ ഇടം നേടി.
2024 നവംബറിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 63 എൻജിനീയറിംഗ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകൾക്കും, അഞ്ച് എൻജിനീയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും 11 പോളിടെക്നിക് കോളേജുകളിലെ 38 പ്രോഗ്രാമുകൾക്കും എൻബിഎ അംഗീകാരം ലഭിച്ചു. നാക് (NAAC) മാതൃകയിൽ സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ സെന്ററും (SAAC), എൻഐആർഎഫ് മാതൃകയിൽ കേരള ഇൻസ്റ്റിറ്റൃൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കും (KIRF) സ്ഥാപിച്ചു.
വിശപ്പുരഹിത ക്യാമ്പസ് പദ്ധതിയിലൂടെ 1.35 കോടി രൂപ ചെലവാക്കി, 7859 വിദ്യാർത്ഥികൾക്ക് ഭക്ഷണം ഉറപ്പാക്കി. തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന Earn While You Learn, ഗവേഷണ-നൈപുണ്യ വികാസം പെൺകുട്ടികൾക്ക് ഉറപ്പാക്കാൻ എഞ്ചിനീയറിംഗ് മേഖലയിൽ നടപ്പാക്കിയ ‘സ്കീം ഫോർ ഹേർ എംപവർമെൻറ് ഇൻ എഞ്ചിനീയറിംഗ് എഡ്യുക്കേഷൻ -ഷി’, മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ജീവനി പദ്ധതി 5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തെ എല്ലാ കോളേജുകളിലും നടപ്പാക്കി തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമഗ്രമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്.
കരുത്തോടെ കേരളം – 15