നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു. ഈ പഠനമനുസരിച്ച് 10 വർഷത്തെ കാർഷിക മേഖലയുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ചത് 2023-24ൽ ആണ്. ദേശീയതലത്തിൽ 2023-24 ലെ വളർച്ച 2.1% മാത്രമായിരിക്കുമ്പോൾ 4.65 % വളർച്ചയാണ് കേരളം കൈവരിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കി തുടങ്ങിയ ‘വിഷൻ 2026’, ദീർഘകാല പദ്ധതിയായ ‘വിഷൻ 2033’ എന്നിവ നേട്ടങ്ങൾക്ക് കരുത്തേകി.
റിമോട്ട് സെൻസിങ് പ്രയോജനപ്പെടുത്തി നെൽകൃഷി നടത്തുന്ന ഭൂമിയുടെ വിസ്തൃതിയും തരിശുഭൂമിയുടെ വിസ്തൃതിയും കൃത്യമായി കണക്കാക്കാനായി. സ്മാർട്ട് കൃഷി ഭവനുകളും ഇ-ഓഫീസ് സംവിധാനവും ‘കതിർ’ സോഫ്റ്റ് വെയറും മൊബൈൽ ആപ്പും സാങ്കേതികമികവുകളായി കൃഷി വകുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനായി. പദ്ധതിയുടെ ഭാഗമായി ഇതുവരെ ഉത്പാദന, സേവന, വിപണന, മൂല്യവർധന മേഖലകളിലായി 23569 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. തദ്ദേശസ്ഥാപനതലത്തിൽ കൃഷിക്കൂട്ടങ്ങളുടെ ഫെഡറേഷൻ രൂപീകരിച്ചു. പഞ്ചായത്ത് / മുൻസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളിൽ ഉൽപാദന വിപണന പ്ലാൻ, വാർഡ് തല മൈക്രോപ്ലാനുകളിലൂടെ നടപ്പാക്കുന്നു. കൃഷിക്കൂട്ടങ്ങളുടെ അടിസ്ഥാനത്തിൽ കർഷക ഉത്പാദക സംഘടനകൾ രൂപീകരിക്കുന്ന നടപടികളിലാണ് വകുപ്പ്.
കൃത്യത കൃഷി, അർക്ക വെർട്ടിക്കൽ ഗാർഡൻ ഹൈ-ടെക് കൃഷി രീതികൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഒരു കോടി ഫലവൃക്ഷതൈകൾ നടുന്ന പദ്ധതി പ്രകാരം നാളിതുവരെ 1,87,34,513 എണ്ണം ഫലവർഗ തൈകൾ 35427.72 ഹെക്ടർ വിസ്തൃതിയിൽ നട്ടുപിടിപ്പിച്ചു. 2024-25 വർഷം 704.12 ഹെക്ടർ സ്ഥലത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ വിവിധയിനം പഴവർഗ്ഗങ്ങളുടെ കൃഷി ആരംഭിച്ചു. നെല്ല് സംഭരണം, പച്ചത്തേങ്ങ സംഭരണം, റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം, 16 ഇനം പഴം പച്ചക്കറികൾക്കുള്ള അടിസ്ഥാനവില പദ്ധതി എന്നിവ വഴി കർഷകർക്ക് ആശ്വാസമേകി.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 7273.95 കോടി രൂപയുടെ നെല്ല് കർഷകരിൽ നിന്ന് സംഭരിച്ചു. പച്ചക്കറി ഉല്പാദനം 2015-16 ൽ 6.28 ലക്ഷം ടണ്ണായിരുന്നത്, 2023-24 ൽ 17.2 ലക്ഷം ടണ്ണായി വർദ്ധിച്ചു. പച്ചതേങ്ങയുടെ സംഭരണവില കിലോയ്ക്ക് 34 രൂപയായി വർദ്ധിപ്പിച്ചു. 232 കേരഗ്രാമങ്ങളിലൂടെ ഉല്പാദന ക്ഷമതയിൽ 54% വർദ്ധനവ് കൊണ്ടുവന്നു. റബ്ബറിന്റെ താങ്ങുവില 150 രൂപയിൽ നിന്നും 180 രൂപയായി വർദ്ധിപ്പിച്ചു. റബ്ബർ കർഷകരെ മേഖലയിൽ പിടിച്ചുനിർത്താൻ 2016 മുതൽ നാളിതുവരെ 2054 കോടി രൂപ RPIS സ്കീമിൽ വിതരണം ചെയ്തു. പ്രാഥമിക കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാന വർധനവ് ഉറപ്പാക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനവ്യാപക മായി ‘കൃഷി സമൃദ്ധി’ പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ആദ്യഘട്ടം 107 തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. 393 തദ്ദേശ സ്ഥാപനങ്ങളിൽ കൂടി കൃഷിസമൃദ്ധി വ്യാപിപ്പിക്കാനുള്ള നടപടികളിലാണ് വകുപ്പ്.
കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഓരോ വർഷവും കുറഞ്ഞത് 10,000 ഹെക്ടർ വീതം സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി ചെയ്യുക ലക്ഷ്യമിട്ട് ജൈവ കാർഷിക മിഷൻ ആരംഭിച്ചു. കാർഷിക പാരിസ്ഥിതിക പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷക പ്രാധാന്യമുള്ള വിളകൾ ഉത്പാദിപ്പിക്കുന്നതിന് ‘പോഷകസമൃദ്ധി മിഷൻ’ രൂപീകരിച്ചു. വിള അധിഷ്ഠിത കൃഷി രീതിയിൽനിന്നു മാറി വിളയിട അധിഷ്ഠിത കൃഷി രീതി (farm plan) യാഥാർത്ഥ്യമായതോടെ രണ്ട് വർഷങ്ങൾ കൊണ്ട് 21520 ഫാം പ്ലാനുകളും 100 FPOകളും സൃഷ്ടിക്കാനായി. കാർഷിക വിപണന മേഖലയ്ക്ക് ഊന്നൽ നൽകി കേരളാ അഗ്രി ബിസിനസ് കമ്പനി യാഥാർത്ഥ്യമായി. സമഗ്ര കാർഷിക വികസനത്തിന് 2365.5 കോടി രൂപയുടെ (285 മില്യൺ യു.എസ് ഡോളർ) കേര (കേരള ക്ലൈമറ്റ്റെസിലിയന്റ് അഗ്രിവാല്യൂ ചെയിൻ) പദ്ധതിയ്ക്ക് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചു.40 വർഷങ്ങൾക്ക് ശേഷമാണ് കാർഷിക മേഖലയ്ക്ക് മാത്രമായി ഒരു ലോക ബാങ്ക് പദ്ധതി നടപ്പാകുന്നത്.
സംസ്ഥാനത്തുടനീളം മില്ലറ്റ് കഫെകൾ ആരംഭിക്കുന്ന പ്രവർത്തനങ്ങളിലാണ് വകുപ്പ്. ഇതിൽ ആദ്യത്തേത് തിരുവനന്തപുരം ഉള്ളൂരിൽ ആരംഭിച്ചു. മില്ലറ്റ് കഫെകളോട് ചേർന്ന് കർഷക ഉൽപങ്ങളുടെ വിപണന കേന്ദ്രമായ കേരളഗ്രോയും വ്യാപിപ്പിക്കുന്നുണ്ട്. ഒരു കൃഷി ഭവന് ഒരു മൂല്യവർദ്ധിത ഉല്പന്നം’ എന്ന ലക്ഷ്യം സഫലീകരിച്ചപ്പോൾ 2000 മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സജ്ജമായി. കൃഷി വകുപ്പ് കേരളഗ്രോ ബ്രാൻഡിൽ ഈ മൂല്യവർധിത ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപന ആരംഭിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ പ്രവർത്തനത്തിലുള്ള സുതാര്യത ഫലപ്രദമായി ജനങ്ങളിൽ എത്തിക്കുവാൻ ”വെളിച്ചം” പദ്ധതി , കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് യഥാസമയം വിലയിരുത്തുന്നതിന് ”അനുഭവം” പദ്ധതി എന്നിവ നടപ്പാക്കി.
കരുത്തോടെ കേരളം- 17