2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഉത്തരമലബാറിലെ ആചാരസ്ഥാനിയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായപദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനിയർക്കും 368 കോലധാരികൾക്കും ധനസഹായം നൽകുന്നു. ഈ പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്ന് 1600 രൂപയായി സർക്കാർ വർധിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ശബരിമല തീർത്ഥാടനകാലത്ത് വെർച്വൽക്യൂ അടക്കം നവീകരിച്ചു മികവോടെയുള്ള പ്രവർത്തനങ്ങളാണ് ദേവസ്വം ബോർഡ് നടപ്പാക്കിയത്. ഈ സീസണിൽ പ്രതിദിനം 90,000ത്തിന് മുകളിൽ തീർത്ഥാടകർക്ക് സുഗമമായ ദർശനം സാധ്യമായി. കണക്കുകൾ അനുസരിച്ച് ഈ വർഷം 53,09,906 പേർ ശബരിമല ദർശനം നടത്തി. സുഖദർശനം സുരക്ഷിത ദർശനം എന്ന ലക്ഷ്യത്തോടെ സർക്കാർ ഏകോപിതമായ പ്രവർത്തനമാണ് നടത്തിയത്. ശബരിമല വികസനത്തിന് 1033.62 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയും നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഡിജിറ്റലൈസേഷൻ എന്നിവ നടപ്പാക്കി. ഗുരുവായൂർ ഗോശാല അത്യാധുനികമായി പുതുക്കിപ്പണിതു. മഞ്ചുളാൽ കെഎസ്ആർടിസി റോഡ്, പാഞ്ചജന്യം ഗസ്റ്റ് ഹൗസ്, പുതിയ ആനപ്പുരകൾ, ശബരിമല റോപ് വേ പദ്ധതി എന്നിവ പുരോഗമിക്കുന്നു.കൊച്ചിൻ ദേവസ്വം ബോർഡിൽ ഇ-ഫയലിംഗ്, ബയോമെട്രിക് പഞ്ചിംഗ്, ഓൺലൈൻ/ആപ്പ് വഴി വഴിപാട് ബുക്കിംഗ്, ഇ-കാണിക്ക എന്നിവ നടപ്പാക്കി. സർക്കാരിന്റെ നിതാന്ത ജാഗ്രതയുടെയും പ്രതിബദ്ധതയുടെയും ഫലമാണ് ദേവസ്വം ബോർഡുകളുടെ വികസനം.
കരുത്തോടെ കേരളം- 22