പ്രളയബാധിത പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മണ്ണൊലിപ്പ് തടയാൻ രാമച്ചം നട്ടുപിടിപ്പിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്നു. ഇന്ത്യ വെറ്റിവേർ നെറ്റ്വർക്കും തമിഴ്നാട് ആസ്ഥാനമായ വെറ്റിവേർ സെന്റർ ഓഫ് എക്സലൻസും സംയുക്തമായാണ് പഠനം നടത്തുക. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടത്തിയ ആലോചന യോഗത്തിലാണ് തീരുമാനം. സ്ഥലങ്ങൾ കണ്ടെത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മണ്ണ് സംരക്ഷണ വകുപ്പിനെ കളക്ടർ ചുമതലപ്പെടുത്തി. കാലവർഷത്തിൽ വൈത്തിരി, പൊഴുതന, തിരുനെല്ലി, തവിഞ്ഞാൽ, പനമരം പഞ്ചായത്തുകളിലാണ് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. ഇവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ രാമച്ചം നട്ടുപിടിപ്പിക്കുക. ഇതിന്റെ സാധ്യത മനസ്സിലാക്കിക്കൊടുക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി ഇന്ത്യ വെറ്റിവേർ നെറ്റ്വർക്ക് കോഡിനേറ്റർ പി. ഹരിദാസ്, തമിഴ്നാട് ആസ്ഥാനമായ വെറ്റിവേർ സെന്റർ ഓഫ് എക്സലൻസിലെ സയിദ് സാംസൺ നാബി എന്നിവർ ചർച്ച നടത്തും. ഇതിനു മുന്നോടിയായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനമായി. പൈലറ്റ് പദ്ധതി വിജയിച്ചാൽ വരുംവർഷങ്ങളിൽ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഇതു വ്യാപിപ്പിക്കാനാണ് തീരുമാനം. മണ്ണിനുള്ളിൽ കോൺക്രീറ്റ് മതിൽ പോലെ നിലനിൽക്കുന്നതാണ് രാമച്ചത്തിന്റെ വേരുകൾ. ആറുമുതൽ 10 അടി വരെ കുത്തനെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതാണിത്. യോഗത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രൊജക്റ്റ് ഓഫിസർ പി.ജി. വിജയകുമാർ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ സിബി വർഗീസ്, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രതിനിധി സി.ഡി. സുനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
