എന്റെ കേരളം പ്രദർശന വിപണന മേള കേരള ജനതയ്ക്കുള്ള സമ്മാനം: മന്ത്രി വി.ശിവൻകുട്ടി
എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്നിൽ തുടക്കം. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കേരള ജനതയ്ക്കുള്ള സമ്മാനം കൂടിയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ സമഗ്ര വികസന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പരിവർത്തനം ചെയ്യുക മാത്രമല്ല, ഓരോ കേരളീയന്റെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്ത ഒരു യാത്രയാണ് ഇത്. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ മേള സമഗ്രവും ദീർഘവീക്ഷണമുള്ളതുമായ ഭരണത്തിന്റെ തെളിവായി നിലകൊള്ളുന്നു.
എന്റെ കേരളം പ്രദർശന വിപണന മേള സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രദർശനം മാത്രമല്ല, അത് പുരോഗതിയുടെയും ജനങ്ങളുടെയും സാധ്യതകളുടെയും ഒരു ആഘോഷമാണ്. എൻ്റെ കേരളം നമ്മുടെ നേട്ടങ്ങളെ അനുസ്മരിക്കുക മാത്രമല്ല, വരും വർഷങ്ങളിൽ നവകേരളത്തിനായുള്ള ദർശനത്തെ ജ്വലിപ്പിക്കുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തിന്റെ പരിണാമത്തിന്റെ കണ്ണാടിയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനം നിരവധി അസാധ്യ പദ്ധതികൾ ഒൻപത് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാൻ നവംബർ ഒന്നോടു കൂടി കഴിയും. നമ്മുടെ നാട് ഒട്ടനവധി മാതൃകാപരമായ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ വകുപ്പിൻ്റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം മന്ത്രി വി. ശിവൻകുട്ടിയും ജി.ആർ. അനിലും ചേർന്ന് ചടങ്ങിൽ പ്രകാശനം ചെയ്തു. എ.എ. റഹീം എം.പി, എം.എൽ.എമാരായ ആൻ്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദൻ, ജില്ലാ കളക്ടർ അനു കുമാരി, എ.ഡി.എം ബീന പി. ആനന്ദ്, സബ്കളക്ടർ ആൽഫ്രഡ് ഒ.വി., വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.