നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.

ഭൗതിക വികസനങ്ങൾക്കൊപ്പം വിദ്യാഭ്യാസ ഗുണമേന്മയ്ക്കും പ്രാധാന്യം നൽകുന്ന നയങ്ങളാണ് സർക്കാർ സാധ്യമാക്കിയിട്ടുള്ളത്. 2024-25ൽ 1, 3, 5, 7, 9 ക്ലാസുകളിൽ പുസ്തകങ്ങൾ പരിഷ്‌കരിച്ചു. 2025-26ൽ 2, 4, 6, 8, 10 ക്ലാസുകളിലേതും. ഹയർ സെക്കൻഡറി പാഠ്യപദ്ധതി 2025-26ൽ പരിഷ്‌കരിക്കുന്നു. 2023-24 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ഉൾപ്പെടുത്തി. 2024-25ൽ 8-ാം ക്ലാസിൽ സബ്ജക്ട് മിനിമംകൈവരിക്കാത്ത 86,603 വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി പരീക്ഷ എഴുതിപ്പിച്ചു, അടുത്തഘട്ടത്തിൽ 5, 6,7,9 ക്ലാസുകളിൽ കൂടി സബ്ജക്ട് മിനിമം നടപ്പാക്കും.

മലയാള ഭാഷാ പഠനത്തിൽ പരിമിതി നേരിടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പഠനപിന്തുണാ പദ്ധതി നടപ്പാക്കി. ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ഹലോ ഇംഗ്ലീഷ്, ഹിന്ദി പഠനത്തിനായി സുരീലി ഹിന്ദി പദ്ധതിയുമുണ്ട്. ഗണിതം ആസ്വദിച്ച് പഠിക്കാൻ സഹായിക്കുന്ന മഞ്ചാടി പദ്ധതി രീതി ആരംഭിച്ചു. 100 വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി 1400 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് പഠനത്തിന് കുട്ടികൾക്ക് വിപുലമായ വായനയും ഗവേഷണവും അനിവാര്യമാണ്. ഇതിന് സഹായിക്കുന്ന വിധത്തിൽ ക്ലാസ് ലൈബ്രറികൾ രൂപപ്പെടുത്തി.

ശാസ്ത്രത്തിന്റെ രീതി കുട്ടികൾ സ്വായത്തമാക്കാനും ശാസ്ത്രപഠനത്തിനായി പുതിയൊരു രീതിശാസ്ത്രം വികസിപ്പിക്കാനുമായി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് മഴവില്ല്. കുട്ടിശാസ്ത്രജ്ഞർ പദ്ധതിയിലൂടെ ഹയർസെക്കൻഡറി ക്ലാസുകളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുകയും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുകയും ചെയ്യുന്നു.

പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളിലെ കുട്ടികളുടെ പഠന മികവ് അടയാളപ്പെടുത്തുന്ന ഒരു പരിപാടിയായിരുന്നു കുട്ടികളുടെ ഡയറികൾ. നിരവധി സ്‌കൂളുകൾ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ തെരഞ്ഞെടുത്തവ ഉൾക്കൊള്ളിച്ച് വിദ്യാഭ്യാസ മന്ത്രി എഡിറ്ററായി സംസ്ഥാനത്ത് കുരുന്നെഴുത്തുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ ബഹുമുഖ വികാസം സാധ്യമാകുന്ന പഠനാന്തരീക്ഷം പ്രീസ്‌കൂളിങ് ഘട്ടത്തിൽ വികസിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വർണ്ണക്കൂടാരങ്ങൾ 1200 ഓളം സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും കായിക മികവ് പ്രകടിപ്പിക്കാനും കായികമേളകളിൽ പങ്കെടുക്കാനുമായി സ്‌പോർട്‌സ് മാന്വൽ തയാറാക്കി.

സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠനപിന്തുണ ആവശ്യമുള്ളതുമായ കുട്ടികൾക്കായി പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും ഊരുവിദ്യാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 720 ഓളം പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കരുത്തോടെ കേരളം- 78