കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ട്രീ ബാങ്കിംഗ്’. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. മരം നടാൻ കർഷകർക്ക് സാമ്പത്തികപ്രോത്സാഹനം നൽകി, ഹരിത സമ്പത്ത് വർദ്ധിപ്പിക്കാനുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.

മരം വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ ആന്വിറ്റി വായ്പയായി സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. സാമ്പത്തിക പ്രോത്സാഹനം കൂടാതെ, വാർഷിക ധനസഹായം, കാർബൺ ക്രെഡിറ്റ് വരുമാനം തുടങ്ങിയ ആനുകൂല്യങ്ങളും കർഷകർക്ക് ഉറപ്പാക്കും.

കാർബൺ ബഹിർഗമനം കുറയ്ക്കുക, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, പ്രാദേശിക വിപണിയിൽ തടിയുടെ വിതരണം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സ്വന്തമായി ഭൂമിയുള്ളവർക്കും, കുറഞ്ഞത് 15 വർഷത്തെ ലീസിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാകാം. തൈകൾ നട്ടുവളർത്താനുള്ള പ്രോത്സാഹന ധനസഹായം മൂന്നാം വർഷം മുതലാണ് നൽകുക. സർക്കാർ നിശ്ചയിച്ച വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കുന്നവർക്ക് 15 വർഷത്തിന് ശേഷം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാം.

വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മുഖേന നടപ്പാക്കുന്ന പദ്ധതിക്കായി വിവിധതരം തദ്ദേശീയ വൃക്ഷയിനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. തേക്ക്, റോസ് വുഡ്, ചന്ദനം, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, കരിമരുത്, കുമ്പിൾ, വെന്തെക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ ഉയർന്ന വാണിജ്യ മൂല്യമുള്ള ചന്ദന തൈകൾക്കാണ് മുൻഗണന നൽകുക.

സ്വകാര്യ ഭൂമിയിലെ കാർഷിക വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ട്രീ ബാങ്കിംഗ് പദ്ധതി ജൈവവൈവിധ്യത്തെയും കാലാവസ്ഥാ പ്രതിരോധത്തെയും പിന്തുണയ്ക്കുന്നു. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിനപ്പുറം സംസ്ഥാനത്തെ കാർബൺ ന്യൂട്രലാക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ഇത് കർഷകർക്ക് അധികവരുമാനം നേടാനുള്ള അവസരം നൽകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ പരിസ്ഥിതിസൗന്ദര്യവും കാർബൺ ആഗിരണ ശേഷിയും വർദ്ധിപ്പിക്കും.

കരുത്തോടെ കേരളം- 83