കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാം

കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാവുന്നതാണ് ചിറ്റൂര്‍ താലൂക്കിലെ സാമൂഹിക സൂക്ഷ്മ ജലസേചന (കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍) പദ്ധതികള്‍. കരടിപ്പാറ,  മൂങ്കില്‍മട, വലിയേരി, നാവിതാംകുളം, കുന്നംകാട്ടുപതി എന്നിങ്ങനെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍ പാലക്കാടിന്റെ കാര്‍ഷിക മേഖലയ്ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ  പുതിയ ദിശാബോധം നല്‍കുമെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ചിറ്റൂര്‍ എം.എല്‍.എ കൂടിയായ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്, കുറഞ്ഞ വെള്ളത്തില്‍ കൂടുതല്‍ വിളവ് ഉല്‍പ്പാദിപ്പിക്കാന്‍കര്‍ഷകരെ പ്രാപ്തരാക്കുന്ന കൃഷി രീതിയാണിത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കിഫ്കോ) നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കിയത്.

വികസിത രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഈ നൂതന ജലസേചന രീതി ഇസ്രായേല്‍, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍വ്യാപകമായി ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ രീതി, കര്‍ഷകരുടെ കൂട്ടായ പങ്കാളിത്തത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യതാ കൃഷി (Precision Farming) നടപ്പിലാക്കുന്നതില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിളകള്‍ക്ക് ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള അളവില്‍മാത്രം വെള്ളവും വളവും (ഫെര്‍ട്ടിഗേഷന്‍) നല്‍കുന്നതിലൂടെ ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കാനും വിളവ് വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. ഇത് എല്ലാ കര്‍ഷകര്‍ക്കും തുല്യമായ ജലവിതരണം ഉറപ്പാക്കുകയും ചെയ്യും.

പൂര്‍ത്തിയായത് അഞ്ചു പദ്ധതികള്‍

ചിറ്റൂര്‍ താലൂക്കില്‍ 22 കോടി രൂപയോളം ഭരണാനുമതി ലഭിച്ച അഞ്ച് പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. കരടിപ്പാറ പദ്ധതി 3.1 കോടി രൂപ ചെലവില്‍171 ഏക്കറില്‍64 കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു. ദീര്‍ഘകാല വിളകള്‍ക്കായി ഇന്ത്യയില്‍ത്തന്നെ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. മൂങ്കില്‍മട പദ്ധതി 6.79 കോടി രൂപ ചെലവില്‍0 305 ഏക്കറിലായി 86 കര്‍ഷകര്‍ക്കും, വലിയേരി പദ്ധതി 3.88 കോടി രൂപ ചെലവില്‍ 230 ഏക്കറില്‍ 68 കര്‍ഷകര്‍ക്കും, നാവിതാംകുളം പദ്ധതി 3 കോടി രൂപ ചെലവില്‍ 125 ഏക്കറിലായി 32 കര്‍ഷകര്‍ക്കും, കുന്നംകാട്ടുപതി പദ്ധതി 5.21 കോടി രൂപ ചെലവില്‍305 ഏക്കറില്‍ 97 കര്‍ഷകര്‍ക്കും ഗുണഫലം നല്‍കി. കരടിപ്പാറ പദ്ധതിക്ക് 2020-21ലെ പ്ലാന്‍ഫണ്ടും മറ്റ് നാല് പദ്ധതികള്‍ക്കും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടുമാണ് വിനിയോഗിച്ചത്.

കർഷകർക്ക് സാമ്പത്തിക ലാഭം

ഈ പദ്ധതികൾ കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നത്. ഒരു കർഷകൻ സ്വന്തമായി പമ്പ്, ഓട്ടോമാറ്റിക് സംവിധാനം, ഫെർട്ടിഗേഷൻ തുടങ്ങിയവ സ്ഥാപിക്കാൻ ഒരു ഏക്കറിന് കുറഞ്ഞത് 1,79,000 രൂപ ചെലവ് വരുമ്പോൾ, സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി പ്രകാരം ഇത് ഏക്കറിന് ഏകദേശം 1,20,000 രൂപ മാത്രമാണ്. ഈ സാമ്പത്തിക ലാഭത്തിനു പുറമെ, കർഷക കൂട്ടായ്മയിലൂടെ ഉൽപന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനും സാധിക്കും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കാര്യമായ സംഭാവന നൽകും.

നിലവില്‍പ്രവര്‍ത്തിക്കുന്ന പദ്ധതികളുടെ തുടര്‍നടത്തിപ്പിനായി വാട്ടര്‍ യൂസര്‍ അസോസിയേഷനുമായി ചേര്‍ന്ന് സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു വരികയാണ്.  ദീര്‍ഘിപ്പിക്കല്‍ പുരോഗമിക്കുന്ന മൂലത്തറ വലതുകര കനാലിന്റെ ഭാഗങ്ങളിലും ഈ രീതിയിലുള്ള ജലസേചന സൗകര്യമാണ് ഒരുക്കുക.