ജില്ലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ വനംവകുപ്പ് 574.76 കോടിയുടെ പദ്ധതി തയ്യാറാക്കി. സൗത്ത്, നോർത്ത് വയനാട് വനം ഡിവിഷനുകൾ 362.06 കോടിയുടെയും വയനാട് വന്യജീവി സങ്കേതത്തിൽ 212.7 കോടിയുടെയും സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി വിശദവിവരങ്ങൾ സുൽത്താൻ ബത്തേരി എംഎൽഎക്ക് സമർപ്പിച്ചതായി വൈൽഡ് ലൈഫ് വാർഡൻ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
അൺ സർവീസബിൾ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്നും നവംബർ 22ന് മൂന്നു ടൺ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നീക്കം ചെയ്തതായി ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഫ്‌ളാഷ് മോബ് നടത്തി. വരും ദിവസങ്ങളിൽ ബൈക്ക് റാലി, ശുചിത്വ സംഗമങ്ങൾ തുടങ്ങിയവ ഇതോടനുബന്ധിച്ച് നടത്തും.
ഗ്രാമപഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പനമരം, പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈറ്റുകൾക്ക് മീറ്ററുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് കത്ത് നൽകാൻ നിർദേശം നൽകിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. സുഗന്ധഗിരി റൂട്ടിലെ കെഎസ്ആർടിസി ബസ് നിർത്തലാക്കിയെന്ന പരാതിയും പരിഗണിച്ചു. സർവീസ് നിർത്തലാക്കിയിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്ന സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ട്രിപ്പുകൾ അഞ്ചിൽ നിന്ന് ആറിലേക്ക് വർദ്ധിപ്പിച്ചതാണെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ യോഗത്തെ അറിയിച്ചു.
കോട്ടത്തറ കരിങ്കുറ്റി പ്രീ മെട്രിക് ഹോസ്റ്റലിലെ കുടിവെള്ള കണക്ഷൻ പ്രവൃത്തി കേരള വാട്ടർ അതോറിറ്റി ടെൻഡർ ചെയ്തിട്ടുണ്ടെന്നും പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലുകളുടെ പ്രവർത്തനം സംബന്ധിച്ച് റിപോർട്ട് തയ്യാറാക്കി പ്രത്യേകം യോഗം ചേരുമെന്നും ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.
ട്രൈബൽ ഹോസ്റ്റലുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു സുൽത്താൻ ബത്തേരി ടിഡിഒ അറിയിച്ചു. സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസിന് കീഴിൽ 11 പ്രീമെട്രിക് ഹോസ്റ്റലുകളും ഒരു എംആർഎസുമാണ് പ്രവർത്തിച്ചു വരുന്നത്. പല സ്ഥാപനങ്ങളിലും അനുവദിച്ചിതിനേക്കാൾ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകേണ്ടി വരുന്നതിനാൽ സ്ഥല പരിമിതി നേരിടുന്നതായും ടിഡിഒ യോഗത്തെ അറിയിച്ചു.
പ്രളയത്തിൽ തകർന്ന കുടിവെള്ള പദ്ധതികളുടെ തകറാറുകൾ പരിഹരിച്ചു. പ്രളയത്തെ തുടർന്ന് കുട്ടികൾ സ്‌കൂളിൽ വരാത്ത അവസ്ഥ പരിഹരിക്കുന്നതിനായി പ്രവർത്തനങ്ങൾ തുടരുകയാണ്. ‘ഡ്രോപ് ഔട്ട് ഫ്രീ വയനാട് ബാക്ക് ടു സ്‌കൂൾ’ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. ആരോഗ്യവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ഐസിഡിഎസ്, ഐടിഡിപി എന്നി വകുപ്പുകൾ ചേർന്ന് ആദിവാസി മേഖലകളിലെ അനീമിയ, പോഷകാഹാരക്കുറവ് നിയന്ത്രണ പദ്ധതികൾ നടപ്പാക്കിവരികയാണെന്നു യോഗം വിലയിരുത്തി. കുട്ടികൾക്കും ഗർഭിണികൾക്കും യൂനിസെഫും അങ്കണവാടി മുഖേനയും പോഷകാഹാരം നൽകുന്നുണ്ടെന്നും അങ്കണവാടികളിൽ എത്താൻ കഴിയാത്തവർക്ക് വീടുകളിൽ ഊരുമിത്രം വർക്കർമാർ, ആശാവർക്കർമാർ മുഖേന എത്തിക്കുന്നതിനുളള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള നദികളും തടങ്ങളും ചെറുപുഴകളും പുറമ്പോക്ക് ഭൂമികളും സംരക്ഷിക്കുന്നതിനും അവ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തി കൈയേറ്റം തടയുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി.
പ്രളയക്കെടുതിയിൽ ജില്ലയിൽ 176 പശുക്കളും 45 കിടാരികളും നഷ്ടപ്പെട്ടതായി ജില്ലാ ക്ഷീരവികസന ഓഫീസർ അറിയിച്ചു. ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം 34 പശുക്കളേയും 64 കിടാരികളെയും കർഷകർക്ക് നൽകി. വകുപ്പിന്റെ വാർഷിക പദ്ധതി 2018-19 മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിൽപ്പെടുത്തി ജില്ലയിൽ 67 പശുക്കളെയും 75 കിടാരികളെയും വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 14 പശുക്കളെയും 15 കിടാരികളെയും വാങ്ങി നൽകി. ഫ്‌ളഡ് റിഹാബിലിറ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 180 പശുക്കളെകൂടി വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
എം.ഐ ഷാനവാസ് എംപിയുടെ നിര്യാണത്തിൽ എഡിഎം കെ. അജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം അനുശോചിച്ചു. സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം. സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.