* ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീർപ്പാക്കി

യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് യുവജന കമ്മിഷൻ ഇടപെടുമെന്ന് ചെയർമാൻ എം ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളും ലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ളയിടങ്ങൾ കേന്ദ്രീകരിച്ച് നിരവധി കാമ്പയിനുകളും നടപ്പിലാക്കി വരികയാണെന്നും കമ്മിഷൻ ചെയർമാൻ പറഞ്ഞു.

അദാലത്തില്‍ പരിഗണിച്ച 23 കേസുകളിൽ 12 പരാതികള്‍ തീര്‍പ്പാക്കി. 11 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി നാല് പരാതികള്‍ ലഭിച്ചു. ഐ ടി സ്ഥാപനത്തിൽ നിന്ന് തൊഴിലാളിയെ അന്യായമായി പിരിച്ചു വിട്ടത്, കേരള സർവകലാശാല യൂണിയൻ യുവജനനോത്സവത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ പരാതി, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, തൊഴിൽ തട്ടിപ്പ്, ഗാർഹിക പീഡനം, പി എസ് സി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

ജില്ലാതല അദാലത്തിൽ കമ്മിഷൻ അംഗം അഡ്വ. ആർ രാഹുൽ, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ ജയകുമാർ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.