ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാതല പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടന്നു. കൊല്ലങ്കോട് വാസുദേവന്‍ മേനോന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ലക്ഷ്യം. ജില്ല മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, കൊല്ലങ്കോട് ബ്ലോക്ക് ഐ സി ഡി എസ് പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ബോധവല്‍ക്കരണ നാടകം, സ്ത്രീകളുടെയും കുട്ടികളുടെയും വിളര്‍ച്ച നിര്‍ണയ പരിശോധന, ജീവിതശൈലി രോഗനിര്‍ണ്ണയ പരിശോധന, എച്ച് ഐ വി പരിശോധന എന്നിവ നടന്നു. പഞ്ചസാര, എണ്ണ തുടങ്ങിയവ ഒഴിവാക്കി അമിതവണ്ണത്തെ നേരിടുക, കുട്ടികളുടെ പരിചരണം, വിദ്യാഭ്യാസം, ഭക്ഷണ രീതി, പോഷകാഹാരം, കുട്ടികളുടെ പരിപാലനത്തിലെ പുരുഷ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണത്തിനായി അമ്മയുടെ പേരില്‍ മരം നടാം തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ദേശീയ പോഷകാഹാര മാസാചരണം ഊന്നല്‍ നല്‍കുന്നത്. ഒക്ടോബര്‍ 11 വരെയാണ് ദേശീയ പോഷകാഹാര മാസമായി ആചരിക്കുന്നത്.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ് വിഷയാവതരണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി ഉണ്ണികൃഷ്ണന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ ജയന്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.വി മിനിമോള്‍, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍ഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.പി. അഹമ്മദ് അഫ്‌സല്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബോബി മാണി, കൊല്ലങ്കോട് ബ്ലോക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജീഷ് ഭാസ്‌കരന്‍, കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.സുലോചന, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകള്‍, കൊല്ലങ്കോട് കുടുംബരോഗ്യ കേന്ദ്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.