കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്ന ‘സ്‌നേഹസ്പര്‍ശം’ പദ്ധതിക്ക് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ഒരു ഡയാലിസിസിന് ആയിരം രൂപ വീതം നല്‍കുന്നതാണ് പദ്ധതി. നിലവില്‍ പത്ത് പേരാണ് ധനസഹായത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. സജിഷ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ശ്രീകുമാര്‍, സെക്രട്ടറി കെ.കിഷോര്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍ ദീപ്തി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, ഡയാലിസിസ് രോഗികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.