* മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിലെ ആദ്യത്തെ വിദ്യാലയമായ മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദിയുടെ നിറവില്‍. കൊച്ചി- മധുര ദേശീയ പാതയില്‍ മുതുരപ്പുഴയാറിന് തീരം ചേര്‍ന്ന് മൂന്നാര്‍ പട്ടണത്തിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാള്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളോടെ സംഘടിപ്പിക്കാന്‍ തോട്ടം മേഖല ഒരുങ്ങിക്കഴിഞ്ഞു. ദേവികുളം താലൂക്കില്‍ മൂന്നാര്‍ വില്ലേജില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ 12-ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സൗന്ദര്യത്താല്‍ സമൃദ്ധമായ തേയില തോട്ടങ്ങളാല്‍ ചുറ്റിപ്പിണഞ്ഞ മൂന്നാറിലെ ഈ ആദ്യ കലാലയത്തിന് പറയാന്‍ നീണ്ട ചരിത്രമുണ്ട്. 1926 ല്‍ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനും കൊച്ചി മൂന്നാര്‍ റോഡിനും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന മനോഹരമായ പ്രദേശത്തെ ഒരു ബഹുനില തേയില ഫാക്ടറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1924ലെ മഹാപ്രളയത്തില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിയാണ് തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഉള്‍പ്പെടെ പഠിക്കുന്നതിനായി വിട്ടു നല്‍കിയത്. സ്കുളിന്റെ ആദ്യ ഹെഡ്മാസറ്റര് തിരുവിതാംകൂര്‍ രാജ്യത്തെ സ്കൂള്‍ ഇന്‍സ്പെക്ടര്‍ വി.ഐ തോമസിന്റെ മകന് ജോണ്‍ തോമസ് ആയിരുന്നു. തുടര്‍ന്ന് 1955 ല്‍ ഹൈസ്കൂളും തമിഴ് പ്രൈമറി സ്കുളും തിരു-കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട മൂന്നാര്‍ സ്കൂള്‍ ഇംഗ്ലീഷ്, തമിഴ്, മലയാളം മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 680 ഓളം വിദ്യാര്‍ഥികളും 47 ജീവനക്കാരും കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവും, ടി.ടി.ഐ.യും ചേര്‍ന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആന്റ് ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി ഇന്ന് നിലകൊള്ളുന്നു. ടി.ടി.ഐ യില്‍ 44 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് ഉള്ളത്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാകും.
ശതാബ്ദി ആഘോഷത്തിന് തുടക്കമായി
മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് തുടക്കമായി. അഡ്വ. എ. രാജ എംഎല്‍എ പാതാക ഉയര്‍ത്തി. വർഷങ്ങൾക്കു മുമ്പ് സ്കൂൾ പരിസരത്തുള്ള പാലം തകർന്നുവീണ് മരണപ്പെട്ട വിദ്യാർഥികളുടെ സ്മരണക്കായി ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ എം. ഭവ്യ കണ്ണന് ദീപശിഖ തെളിയിച്ചു.
മൂന്നാർ ടൗണിൽ നിന്ന് ആരംഭിച്ച റാലി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി ഫ്ലാഗ് ഓഫ് ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ മാസവും പരിപാടികൾ സംഘടിപ്പിക്കുമെന്നും ആഘോഷങ്ങളുടെ സമാപനം 2026 ജനുവരിയില്‍ നടക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
