സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഡ്രീം വൈബ്സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം മനസിലാക്കാനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനും വികസിപ്പിക്കാനും വേണ്ടിയുള്ള വേദിയാണ് ബാലസഭകൾ. യുക്തിചിന്ത, ശാസ്ത്രബോധം എന്നിവ വളർത്തുന്നതിലും ബാലസഭകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സാമൂഹിക ക്ഷേമത്തിനായി പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് മുതിർന്നവരാണെന്നിരിക്കെ കുട്ടികളുടെ ആശയങ്ങളും ആവശ്യങ്ങളും കൂടി ഈ ഇവയിൽ ഉൾപ്പെടുത്തുകയാണ് ഡ്രീം വൈബ്സ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് സമൂഹത്തെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാനും വെല്ലുവിളികളും സാധ്യതകളും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഓരോ പ്രദേശത്തും കുട്ടികൾ തയ്യാറാക്കുന്നതോ അല്ലെങ്കിൽ കുട്ടികളുടെ സ്വപ്നങ്ങൾ പ്രതിഫലിപ്പിക്കുന്നതോ ആയ ഒരു ചിൽഡ്രൻസ് ചാർട്ടർ തയ്യാറാക്കും. ഇത് തദ്ദേശ സ്ഥാപങ്ങൾക്ക് വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ദിശാബോധം പകരുന്ന ഒരു പ്രധാന രേഖയായി മാറും.

കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ ഏതു രീതിയിലും അവതരിപ്പിക്കാം. കഥ, കവിത, പോസ്റ്റർ, റീൽസ്, വീഡിയോ എന്നിങ്ങനെ ഏത് മാധ്യമവും ഉപയോഗപ്പെടുത്തി അനുയോജ്യമായ തരത്തിൽ ആശയങ്ങൾ അവതരിപ്പിക്കാം. അതിനുശേഷം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കട്ടികളുടെ ആശയങ്ങൾ ക്രോഡീകരിച്ച് ഒക്ടോബർ രണ്ടിന് പ്രസിദ്ധീകരിക്കും. സി.ഡി.എസ് തലത്തിലുള്ള ക്രോഡീകരണം സി.ഡി.എസ് റിസോഴ്സ് പേഴ്സൺമാരുടെ ചുമതലയാണ്. വാർഡ് തലത്തിലും സി.ഡി.എസ് തലത്തിലുമുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യും.

ഡ്രീംസ് വൈബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലസദസിന് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ റിസോഴ്സ്പേഴ്സൺമാര്‍ക്ക് പരിശീലനം നൽകി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ വി.കെ റെജീന, ബാലസഭ സ്റ്റേറ്റ് ആർ.പി സി.കെ പവിത്രൻ, ബ്ലോക്ക്‌ കോഓർഡിനേറ്റർമാരായ കെ.പി പ്രീത, വി.സി ഷിൽജ, സി. ഷിഫാനത്, ബാലസഭ ജില്ലാതല ആർ.പി ബബിത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.