ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണോദ്ഘാടനം നടത്തി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മണക്കാട് ഗ്രാമപഞ്ചായത്തിലെ ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടര വർഷം മുൻപ് 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇന്നിപ്പോൾ 40 ലക്ഷം കുടുംബങ്ങളിൽ ശുദ്ധജല കണക്ഷനുകൾ ഉണ്ട്. ഇനി 30 ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി കണക്ഷനുകൾ നൽകാനുണ്ട്. ഇത് വരുന്ന എട്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതികൾക്കായി ഇടുക്കി ജില്ലയിൽ 2220 കോടിയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ 247 കോടി 67 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയിൽ തൊടുപുഴ നഗരസഭയെ ഉൾപ്പെടുത്തി 9 കോടി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയ്ക്ക് ഉണർവ് സമ്മാനിക്കുന്ന പദ്ധതിയാണ് ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട്.പദ്ധതിയുടെ തുടക്കം മുതൽ തന്നെ നിരവധിയായ തടസ്സങ്ങൾ ഉണ്ടായിരുവെങ്കിലും അവ പരിഹരിച്ച് സമയബന്ധിതമായി തന്നെ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ പഞ്ചായത്തിൻ്റെ പ്രധാന ആവശ്യമായ പൊതു കളിസ്ഥലങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു.

കർഷകർക്ക് വലിയ ആശ്വാസ പകരുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. നിരവധി കർഷകരും പാടശേഖരമുള്ള പ്രദേശമായതിനാൽ ജലസേചനത്തിന് ഈ പദ്ധതി വലിയ സാധ്യതയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. മൈനർ ഇറിഗേഷൻ ഡിവിഷൻ ഇടുക്കി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു കോട്ടൂർ റിപ്പോർട്ട് അവതരിപ്പിച്ചു.