ഇടുക്കി ജില്ലയിലെ 26 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. ഈ നേട്ടത്തിന്റെ ജില്ലാതല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തൊടുപുഴ നഗരസഭ ചെയർപേഴ്സൺ കെ. ദീപക് നിർവഹിച്ചു.

ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കുന്നതിൽ ഐ.എസ്.ഒ. അംഗീകാരം കുടുംബശ്രീയ്ക്ക് കൂടുതൽ കരുത്തു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജകുമാരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുമ ബിജു അധ്യക്ഷത വഹിച്ചു.

സ്ത്രീശാക്തീകരണ രംഗത്ത് ലോകശ്രദ്ധ നേടിയ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള സംവിധാനങ്ങളായ സി.ഡി.എസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമായിട്ടാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ നേട്ടം കൈവരിച്ചത് 26 സി.ഡി.എസുകളാണ്. ജില്ലയിലെ മറ്റു സി.ഡി.എസുകളെയും ഈ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നടത്തി വരുന്നതായി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

യോഗത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷിബു ജി. സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജെൻസി മാത്യു, ജോസ് തെക്കേകുറ്റ്, കെ.കെ. തോമസ്, മേഴ്‌സി ദേവസ്യ, ബിൻസി മാർട്ടിൻ, സൗമ്യ അനിൽ, ജാൻസി ജോഷി, പ്രീമി ലാലിച്ചൻ, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മി ഹെലൻ, ജെർളി റോബി എന്നിവർ ആശംസകൾ അർപ്പിച്ചു. തൊടുപുഴ സിഡിഎസ് ചെയർപേഴ്സൺ സുഷമ ജോയി, കിലയിലെ ഐ.എസ്.ഒ. മാനേജർ ദീപ്തി ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിപിൻ കെ. വി, തൊടുപുഴ സി.ഡി.എസ് മെമ്പർ സെക്രട്ടറി ദേവസേനൻ ജി എസ്, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ചിത്രം: ഐ.എസ്.ഒ. അംഗീകാരത്തിന്റെ ജില്ലാതല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തൊടുപുഴ നഗരസഭ ചെയർപേഴ്സൺ കെ. ദീപക് നിർവഹിക്കുന്നു.