കെ.എം. മാണി സാമൂഹിക സൂക്ഷ്മജലസേചന പദ്ധതിയുടെ ഭാഗമായ കുറവിലങ്ങാട് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന്  പറഞ്ഞു.

കൃഷിയിടങ്ങളുടെ ഫലപുഷ്ടി ഗണ്യമായി വർധിപ്പിക്കുന്നതിന് സഹായകമാകുന്ന രീതിയിൽ ജലവിഭവ വകുപ്പും കൃഷിവകുപ്പും സഹകരിച്ചുള്ള പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ട്. ജല്‍ജീവന്‍ മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 41 ലക്ഷം കുടുംബങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ സാധിച്ചു.

ജില്ലയിലെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കുന്നതിനായി 4132 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ 383 കോടി രൂപയാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറവിലങ്ങാട് കാളിയർ തോട്ടം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.