പശ്ചാത്തല സൗകര്യങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കായണ്ണ ജി.യു.പി സ്‌കൂള്‍-പാടിക്കുന്ന് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിലെ 30,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനത്തോളം ബി എം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം, നാലുവര്‍ഷം പിന്നിടുമ്പോള്‍ 60 ശതമാനം എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. ദേശീയപാത, മലയോരപാത, തീരദേശപാത എന്നീ പ്രധാന പദ്ധതികളിലൂടെ കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

റോഡ് നിര്‍മാണ മേഖലയില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജങ്ഷന്‍ വികസനം, ബൈപാസ് നിര്‍മാണം, ഫ്‌ളൈ ഓവര്‍ തുടങ്ങിയവയിലൂടെ നഗരമേഖലകളിലെ തിരക്ക് കുറക്കാന്‍ സാധിച്ചു. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ഒമ്പത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറ ടൂറിസം വികസന പദ്ധതി വിനോദസഞ്ചാര മേഖലക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച് കൂരാച്ചുണ്ട് റോഡില്‍ അവസാനിക്കുന്ന നാല് കിലോമീറ്ററിലധികം റോഡാണ് നവീകരിക്കുന്നത്. അഞ്ച് കോടിയോളം രൂപ ചെലവിട്ട് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക.

ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി, വൈസ് പ്രസിഡന്റ് പി ടി ഷീബ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ സി ശരണ്‍, കെ വി ബിന്‍ഷ, കെ കെ നാരായണന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ കെ മിഥുന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.