പ്രവര്‍ത്തന മികവിലും ഗുണനിലവാരത്തിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കോട്ടക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. 57 ഗ്രാമ സി.ഡി.എസുകളും രണ്ട് നഗര സി.ഡി.എസുകളും ഉള്‍പ്പെടെ 59 സി.ഡി.എസുകളാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നത്.

അംഗീകാരത്തിന് അര്‍ഹരായ സി.ഡി.എസുകള്‍ക്ക് മന്ത്രി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാര്യക്ഷമതയും, ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സി.ഡി.എസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ മികവ്, ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ സുസ്ഥിരവും, സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചുകൊണ്ടാണ് സി.ഡി.എസുകള്‍ ഐ.എസ്.ഒ അംഗീകാരം നേടിയത്.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ഓക്സല്ലോ ക്യാംപയിന്‍ പോസ്റ്റര്‍ പ്രകാശനം കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. ഹനീഷ നിര്‍വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ വി.എസ്. റിജേഷ് ഓക്‌സല്ലോ ക്യാംപയിന്‍ വിശദീകരിച്ചു. ‘കുടുംബശ്രീ സി.ഡി.എസ് ഓഫീസ് സംവിധാനം’ എന്ന വിഷയത്തില്‍ കില തൃശ്ശൂര്‍ സീനിയര്‍ പ്രോഗ്രാം മാനേജര്‍ എം.താജുദ്ദീന്‍ സംവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.വി. പ്രസാദ് നന്ദിയും പറഞ്ഞു.