പാണ്ടനാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 77 ഗുണഭോക്താക്കൾക്ക് വീടുകൾ നിര്മ്മിച്ചു നല്കിയതായി വികസന സദസ്സ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്. പാണ്ടനാട് മുല്ലശ്ശേരി ഫാമിലി ഹാളിൽ നടന്ന സദസ്സ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി അധ്യക്ഷയായി.
പഞ്ചായത്തിൽ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 634 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. മാലിന്യ സംസ്കാരണത്തിലും പാണ്ടനാട് പഞ്ചായത്ത് മികവ് പുലർത്തി. പ്രതിമാസം 2.3 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. പഞ്ചായത്തിലെ 4019 വീടുകളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. 2021-2025 കാലയളവിൽ 1472 തൊഴിലുറപ്പ് തൊഴിലാളികളാണ് 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയത്. പശ്ചാത്തല സൗകര്യ വികസനത്തി 5.6 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. പൊതുശ്മശാനങ്ങൾ ഇല്ലാതിരുന്ന പഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതം രണ്ട് കോടി രൂപ ഉപയോഗിച്ച് ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിച്ചു. എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുമായി സംയോജിച്ച് സ്ട്രീറ്റ് ലൈൻ ദീർഘിപ്പിക്കുകയും ചെയ്തു.
സദസ്സിൽ റിസോഴ്സ് പേഴ്സൺ എസ് വീണ സംസ്ഥാന സർക്കാരിന്റെ വികസനരേഖ അവതരിപ്പിച്ചു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ ലത ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ അവതരിപ്പിച്ചു. ആശാവർക്കർമാർ, തൊഴിലുറപ്പ് മുതിർന്ന അംഗങ്ങൾ, ഹരിതകർമ്മസേന, പാലിയേറ്റീവ് കെയർ നേഴ്സ് എന്നിവരെ സദസ്സിൽ ആദരിച്ചു. 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ കെ-സ്മാർട്ട് ക്ലിനിക്കിലൂടെ കെട്ടിട നികുതി രസീത്, ബിൽഡിംഗ് സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കി. സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴിൽ മേളയിൽ 82 തൊഴിലന്വേഷകർ പങ്കെടുത്തു. ആറ് കമ്പനികളിലേക്കാണ് അഭിമുഖം നടത്തിയത്.
ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽസി കോശി, പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മനോജ് കുമാർ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം എസ് ശാന്തി, പഞ്ചായത്ത് അംഗങ്ങളായ ജോസ് വി ജോൺ, ബിന്ദു സുനിൽ, സിഡിഎസ് ചെയർപേഴ്സൺ ഉഷ ശശി, പാണ്ടനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെജി ഡേവിഡ് ജോസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
