വിധവകളും അഗതികളുമായ സ്ത്രീകളുടെ ഉന്നമനത്തിനായി ജില്ലയിൽ വിധവാസെൽ രൂപീകരിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആക്ഷൻപ്ലാനും കോമൺ വർക്കിംഗ്പ്ലാനും നടപ്പാക്കാനാണ് തീരുമാനം. ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കൂടാതെ ബ്ലോക്കുതലത്തിൽ സ്ക്വാഡുകൾ രൂപീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ചെയർമാനും വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊലീസ് പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ, പാരാലീഗൽ വോളന്റിയർമാർ, വിവിധ സംഘടന പ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളുമായിരിക്കും. അഗതികളുടെയും വിധവകളുടെയും പ്രശ്നങ്ങൾ പഠിക്കാൻ ജില്ലയിലെ നാലു ബ്ലോക്കുകളിലും നവംബർ 30ന് മുമ്പ് സ്ക്വാഡുകൾ രൂപീകരിക്കും. ഡിസംബർ പതിനഞ്ചിനകം സർവേ നടത്തി ജില്ലയിലെ മുഴുവൻ അഗതികളുടെയും വിധവകളുടെയും വിവരങ്ങൾ ശേഖരിക്കും. ആരാധാനലയങ്ങൾ, പൊതുസ്ഥലങ്ങൾ, സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രായമായതും, മാനസ്സിക പ്രശ്നങ്ങൾ, മറ്റു പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളതുമായ സ്ത്രീകളെ കണ്ടെത്തി പുനരധിവസിപ്പിക്കും. ഇതിനായി ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർന്ന് പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ ഡിസംബർ 17ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനിച്ചു.
