സമസ്ത മേഖലകളിലും നാട് കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്ക് അനുഭവിച്ചറിയാനാവുന്നതാണ് സർക്കാരിനെ സംബന്ധിച്ച വലിയ കാര്യമെന്ന് ടി.ഐ. മധുസൂദനൻ എംഎൽഎ പറഞ്ഞു. എ.വി സ്മാരക ഗവ.. ഹയർ സെക്കൻഡറി സ്കൂളിൽ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലും സംസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉൽപാദന, സേവന, പശ്ചാത്തല മേഖലകളില്‍ പഞ്ചായത്ത്‌ നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേർസാക്ഷ്യമായി വികസന സദസ്സ് മാറി. കഴിഞ്ഞ വർഷങ്ങളിലെ സ്വരാജ് ട്രോഫി നേട്ടം, ഇരട്ട ദേശീയ അവാർഡ്, ശുചിത്വ ബോധവത്ക്കരണത്തിന് കണ്ണൂർ ജില്ലയുടെ അംഗീകാരം, പെരളം പൊതു ശ്മശാനം, പലിയേരിക്കൊവ്വൽ നടപ്പാത തുടങ്ങിയ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു അവതരിപ്പിച്ചു.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല മുഖ്യാതിഥിയായി. പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് ടി.ഐ. മധുസൂദനൻ എം.എ.ൽഎ പ്രകാശം ചെയ്തു. പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകിയ പ്രസാദ് ഗോപി, ആർ. ഗംഗാധരൻ മാസ്റ്റർ, പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവരെയും ഹരിത കർമ സേനാംഗങ്ങളേയും പരിപാടിയിൽ ആദരിച്ചു.

വികസന സദസ്സിനെ കുറിച്ച് ജില്ലാ റിസോഴ്സ് പേഴ്സൺ ടി.പി സോമനാഥൻ വിഷയാവതരണം നടത്തി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഭാവി വികസന ആശയങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു.

അതിവേഗം സേവനങ്ങൾ; സ്മാർട്ടായി കെ-സ്മാർട്ട്‌
വികസന സദസ്സിൽ പങ്കെടുത്തവർക്ക് നിരവധി സേവനങ്ങൾ ഒരുക്കി കെ- സ്മാർട്ട് ക്ലിനിക്ക് ശ്രദ്ധേയമായി. കെ-സ്മാർട്ട് ക്ലിനിക്കിലൂടെ പഞ്ചായത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അവസരമൊരുക്കി. പഞ്ചായത്ത് സേവനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കെ-സ്മാർട്ട് ക്ലിനിക്ക് സഹായകമായി.

നേട്ടങ്ങളുടെ നേർസാക്ഷ്യമായി ഫോട്ടോ പ്രദർശനം
പഞ്ചായത്ത്‌ നടപ്പാക്കിയ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പുരസ്കാര നേട്ടങ്ങളുടെയും ഫോട്ടോ പ്രദർശനം വികസന സദസിന്റെ ശ്രദ്ധാകേന്ദ്രമായി. ചരിത്ര സംഭവങ്ങൾ, പ്രദേശത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ, പ്രശസ്തമായ സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് അടുത്തറിയാൻ സാധിക്കുന്നതായി പ്രദർശനം. സമ്പൂർണ ശുചിത്വ പ്രഖ്യാപനം, ഗെയിം ഫെസ്റ്റ്, പാലിയേരി കൂവൽ നടപ്പാത, സ്ത്രീ പദവി പഠന റിപ്പോർട്ട്, പച്ചത്തുരുത്ത്, ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വികസന നേട്ടങ്ങളെ അനാവരണം ചെയ്യുന്നതായി പ്രദർശനം മാറി.

വികസന മാതൃകകൾ തീർത്ത് കാർഷിക ഗ്രാമം
സമാനതകളില്ലാത്ത വികസന മാതൃകകൾ തീർത്ത് മുന്നേറുകയാണ് ഈ കാർഷിക ഗ്രാമം. പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ ബ്ലോക്ക് പരിധിയിൽ കരിവെള്ളൂർ, പെരളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിവെള്ളൂർ-പെരളം. കാർഷിക രംഗത്തും സ്ത്രീശാക്തികരണ മേഖലയിലും, ചെറുകിട സംരംഭകത്വത്തിലും, സാമൂഹ്യ ക്ഷേമം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയെല്ലാം ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്ര വികസനമാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്.
കാർഷിക മേഖലയിൽ സർവതല സ്പർശിയായ കുതിപ്പിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലായിടത്തും എല്ലായ്പ്പോഴും പച്ചക്കറി, കരനെൽകൃഷി പ്രോത്സാഹനം തുടങ്ങിയവ നടപ്പാക്കി.
പാടശേഖരത്തിന് പയർ ഉഴുന്ന് വിത്ത് വിതരണം, മാതൃക പച്ചക്കറി തോട്ടം, മുളക് കൃഷി വ്യാപനം, തെങ്ങ്, കവുങ്ങ്, കുരുമുളക് കൃഷി പദ്ധതികൾ തുടങ്ങിയവ കാർഷിക മേഖലയിൽ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കിയ ഇടപെടലാണ്.

മൃഗസംരക്ഷണത്തിലും ക്ഷീരവികസനത്തിലും ഈ കാർഷിക ഗ്രാമം പ്രത്യേക ശ്രദ്ധ നൽകുന്നു. പാൽ, മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത,പ്രത്യേക കന്നുകുട്ടി പരിപാലനം, സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി, മുട്ടക്കോഴി വിതരണം, ആടുവളർത്തൽ  ധനസഹായം തുടങ്ങിയവയെല്ലാം പഞ്ചായത്ത് യാഥാർത്ഥ്യമാക്കി.

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ട് ചെറുകിട, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കി. ഗ്രാമീണ മേഖലയിലെ പട്ടികജാതി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ജീവനോപാധി ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ചും അല്ലാതെയും സംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള പദ്ധതികൾ വിഭാവനം ചെയ്തു. പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും മെച്ചപ്പെട്ടതുമായ സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിനും ധനസമാഹരണ വിനിയോഗത്തിലെ സുതാര്യത ഉറപ്പുവരുത്തി കൊണ്ട് കാര്യക്ഷമമായ ഭരണം നടത്തുന്നതിന് മുൻഗണന നൽകി. ഇതിലൂടെ ജനസൗഹൃദ അഴിമതി രഹിത പഞ്ചായത്ത് എന്ന അഭിമാനകരമായ നേട്ടം കൈവരിക്കുവാൻ സാധിച്ചു.

ആസൂത്രണത്തിന് ആവശ്യമായ കൃത്യവും കാലികവുമായ സ്ഥിതിവിവര കണക്ക് ലഭ്യമാക്കുന്നതിന് ജില്ലാപഞ്ചായത്തിന്റേയും സാമ്പത്തികസ്ഥിതി വിവര കണക്ക് വകുപ്പിന്റെയും സഹായത്തോടെ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സമഗ്ര സാമൂഹ്യ സാമ്പത്തിക സർവ്വെ റിപ്പോർട്ട് ശ്രദ്ധേയമായി. ഫ്രണ്ട് ഓഫീസ് നവീകരണം, ടോക്കൺ സിസ്റ്റം ഏർപ്പെടുത്തൽ, കെ സ്മാർട്ട് ഹെൽപ്പ് ഡെസ്ക് ,സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ, പൊതുജനങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം, ഓട്ടോമാറ്റിക് കോഫി മെഷീൻ, എന്നിവ പുതിയ കാലത്തിന്റെ ജനസേവന മാതൃകയായി.
സമൂഹത്തിന്റെ പ്രത്യേക പരിഗണനയും ശ്രദ്ധയും ലഭിക്കേണ്ട ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കുട്ടികൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ ഉൾച്ചേർത്ത് കൊണ്ടുള്ള പദ്ധതികളാണ് ഈ അഞ്ചുവർഷംകൊണ്ട് യാഥാർത്ഥ്യമാക്കിയത്. ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് 50 കുട്ടികൾക്ക് ഭിന്നശേഷി സ്കോളർഷിപ്പ്, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ, കലാമേള, ഭിന്നശേഷി
സൗഹൃദ പഞ്ചായത്ത് എന്നിവ ആവിഷ്കരിച്ചു.

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, സ്ത്രീ പദവി പഠനം, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം, വനിതകൾക്ക് യോഗ പരിശീലനം, ജാഗ്രത സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന നിലയിലേക്ക് ഉയരാനായി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥ ഇല്ലാതാക്കി അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ഭവന പുനരുദ്ധാരണം, വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ധനസഹായം, വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകൽ, തൊഴിൽ പരിശീലനം സംരംഭങ്ങൾ എന്നിവ നടപ്പാക്കി.
ലൈഫ് പദ്ധതിയിലൂടെ പാർപ്പിട പ്രശ്നം പരിഹരിച്ചു. എല്ലാ വീടുകളും വൈദ്യുതീകരിച്ചു. എല്ലാ വീട്ടിലും കക്കൂസുകൾ, എല്ലാ ഉന്നതികളിലും കുടിവെള്ളം എന്നിവ ഉറപ്പാക്കി. അതിദാരിദ്ര്യമുക്ത പഞ്ചായത്തായി മാറുവാൻ സാധിച്ചു. 32 കുടുംബങ്ങളെയാണ് അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത്.

ആരോഗ്യരംഗത്തും സമഗ്രമായ മുന്നേറ്റമാണ് ഗ്രാമപഞ്ചായത്ത് നടത്തിയത്. കരിവെള്ളൂർ സി എച്ച് സി, ഗവ. ആയുർവേദ ആശുപത്രി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ പുത്തൂർ, ഗവ. ഹോമിയോ ഡിസ്പെൻസറി,
നാല് കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ മികവിന്റെ കേന്ദ്രങ്ങളായി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി. പഞ്ചായത്തിന്റെ അധീനതയിൽ രണ്ട് സർക്കാർ പ്രൈമറി വിദ്യാലയങ്ങളും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഹയർ സെക്കന്‍ഡറി സ്കൂളും പ്രവർത്തിക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 34 ഗ്രന്ഥാലയങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. പ്രവർത്തന മികവിൽ നിരവധി അംഗീകാരങ്ങളും പഞ്ചായത്തിനെ തേടിയെത്തി. തുടർച്ചയായി രണ്ട് തവണ ദേശീയ ശിശുസൗഹൃദ അവാർഡ് കരസ്ഥമാക്കി.

നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് പുരസ്കാർ, സ്വരാജ് ട്രോഫി, ശുചിത്വ പ്രവർത്തനങ്ങൾക്കും ലൈഫ് ഭവന പൂർത്തീകരണത്തിനും അംഗീകാരം തുടങ്ങിയവ പഞ്ചായത്തിനെ തേടിയെത്തി. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് യഥാർത്ഥമെന്ന് അടിവരയിടുകയാണ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്.