അടിസ്ഥാന വികസന മേഖലയിലും പശ്ചാത്തല വികസന മേഖലയിലും മികച്ച നേട്ടം കൈവരിച്ച് പത്ത് വർഷംകൊണ്ട് നവകേരളമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ കുടിവെള്ള മണ്ഡലം, ജൈവ കാർഷിക മണ്ഡലം, കാന്സര് വിമുക്ത ഗ്രാമം, ഹരിത റെയിൽവേ സ്റ്റേഷൻ തുടങ്ങിയ മികവാർന്ന വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച മണ്ഡലമാണ് കല്ല്യാശ്ശേരിയെന്നും എം.എൽ.എ പറഞ്ഞു.
കണ്ണപുരം പഞ്ചായത്തിന്റെ വികസന രേഖ പഞ്ചായത്ത് പ്രസിഡന്റ് കെ. രതി റിട്ട. ജഡ്ജ് കെ.വി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഐ വി ഒ പി വി.കെ മഞ്ജുഷ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ബാബുരാജ് പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ അവതരണം നടത്തി. വികസന സദസ്സിന്റെ ക്രോഡീകരണവും മോണിറ്ററിങ്ങും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി രാജൻ മാസ്റ്റർ നിർവഹിച്ചു.
അയ്യോത്ത് ക്രോസ്ബാർ നവീകരണം, ഹരിതകർമസേനയുടെ ഫലപ്രദമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക,
തോണ്ടിതോട് നവീകരണം, മുക്കോല ബണ്ട് പുനർനിർമാണം, ഫുട്പാത്ത് നവീകരണം, വെള്ളക്കെട്ട് പ്രശ്ന പരിഹാരം, ഗുണനിലവാരമുള്ള സ്ട്രീറ്റ് ലൈറ്റ് ബൾബുകൾ സ്ഥാപിക്കൽ എന്നീ നിർദേശങ്ങൾ ഓപ്പൺ ഫോറത്തിൽ ചർച്ചാവിഷയമായി. പുതുതായി നിർമ്മിക്കുന്ന വീടുകളിൽ സോളാർ എനർജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്ത് നേരിട്ട് ഇടപെടണമെന്ന് ജനങ്ങൾ നിർദേശിച്ചു. ലൈബ്രറികളെ ഡിജിറ്റലൈസ്ഡ് സംവിധാനത്തിലേക്ക് മാറ്റി ആധുനിക പഠന സംവിധാനം ഉറപ്പാക്കണം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി യൂണിവേഴ്സിറ്റി നിലവാരത്തിലുള്ള ഫൈൻ ആർട്സ്, ചലച്ചിത്ര പഠനം എന്നീ മേഖലകളിൽ കോളേജ് നിർമ്മിക്കാനുള ആലോചനകൾ നടത്തണമെന്നും വയോജനങ്ങൾക്കും കുട്ടികൾക്കും സുരക്ഷിതമായ റോഡ് ക്രോസിങ് സൗകര്യം ഉറപ്പാക്കുന്നതിന് പെഡസ്ട്രിയൻ വാക്ക് വേ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശമുയർന്നു.
