സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16 മുതൽ 19 വരെ തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ‘എംടി കാലം മായാചിത്രങ്ങൾ’ പ്രദർശനം ഒരുക്കും. എംടി വാസുദേവൻനായരുടെ ചലച്ചിത്ര ജീവിതത്തിന്റെ വിവിധ ഏടുകളാണ് പ്രദർശനത്തിലുണ്ടാകുക. മേള നടക്കുന്ന ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരിക്കും പ്രദർശനം. 16 ന് ആരംഭിക്കുന്ന പ്രദർശനം 17ന് ഉദ്ഘാടനം ചെയ്യും.

ഓപ്പൺ ഫോറം, ഡെലിഗേറ്റ് സെൽ, മീഡിയസെൽ എന്നിവയും പ്രദർശന നഗരിയിലുണ്ട്. 17, 18 തീയ്യതികളിൽ ഓപ്പൺ ഫോറം, ഡയരക്‌ടേഴ്‌സ് മീറ്റ് എന്നിവ നടക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.