ഭാവി വികസനത്തിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തും സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചും നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ എല്ലാവരെയും പങ്കാളികളാക്കി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

പരിപാടിയില്‍ ഹരിത കര്‍മസേന അംഗങ്ങളെയും ആശ പ്രവര്‍ത്തകരെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം, വികസന വീഡിയോ പ്രദര്‍ശനം എന്നിവയും ഉണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ശേഖരിച്ചു.

കൃഷി വികസനം, മൃഗ സംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, കല, സംസ്‌കാരം, ആരോഗ്യ സുരക്ഷ, സാമൂഹികനീതി, ടൂറിസം, പട്ടികവിഭാഗ വികസനം, പൊതുഭരണം തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രൂപ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങളാണ് പഞ്ചായത്തിന്റെ ഭാവി പ്രവര്‍ത്തന രൂപരേഖക്കായി സമാഹരിച്ചത്. സദസ്സിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച കെ സ്മാര്‍ട്ട് സോഫ്റ്റ്വെയറിന്റെ ഉപയോഗം വിശദീകരിക്കുന്ന കെ സ്മാര്‍ട്ട് ക്ലിനിക്കും പ്രവര്‍ത്തിച്ചു.

അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഡിജി കേരളം പദ്ധതി എന്നിവയില്‍ പഞ്ചായത്ത് 100 ശതമാനം ലക്ഷ്യം നേടി. ടൗണുകളും വീടുകളും സ്ഥാപനങ്ങളും ശുചിയോടെ സൂക്ഷിച്ചും ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിച്ചും മാലിന്യ സംസ്‌കരണ മേഖലയിലും മികച്ച നേട്ടം സ്വന്തമാക്കി. ലൈഫ് ഭവന പദ്ധതിയിലൂടെ കരാറിലേര്‍പ്പെട്ട 154 ഗുണഭോക്താക്കളില്‍ 103 പേരുടെ വീടുകള്‍ പൂര്‍ത്തിയാക്കി. പശ്ചാത്തല വികസന മേഖലയില്‍ 1,190 ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയാക്കാനായി. പ്രാദേശിക കര്‍ഷകരില്‍നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തിവരുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി പോലുള്ള നൂതന ആശയങ്ങളും വിജയകരമായി പഞ്ചായത്തില്‍ നടപ്പാക്കി വരുന്നു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ശാരദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ഷിജി കൊട്ടാറക്കല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ കെ രാജന്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, അസി. സെക്രട്ടറി വാസുദേവന്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗിരീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.