അമ്പലപ്പുഴ മണ്ഡലത്തിൽ 33 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച 32 ഗ്രാമീണ റോഡുകളുടെയും 14 നഗര റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മുഴുവൻ റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള മണ്ഡലമാണ് അമ്പലപ്പുഴ എന്ന് മന്ത്രി പറഞ്ഞു.

2021ൽ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കണം എന്നതായിരുന്നു ലക്ഷ്യം. സർക്കാർ നാലുവർഷം പൂർത്തീകരിച്ചപ്പോൾ തന്നെ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് ഉയർത്തി. രാജ്യത്തെ റോഡ് നിർമ്മാണ രീതികളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ബി.എം ആൻഡ് ബി.സി രീതി കാലങ്ങളോളം നിലനിൽക്കുന്നതാണ് എന്നത് കേരളത്തിന്റെ അനുഭവമാണെന്നും മന്ത്രി പറഞ്ഞു.

പാലം, റോഡ് എന്നിവയുടെ നിർമ്മാണത്തിന് നൂതന സാങ്കേതികവിദ്യകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഹരിത കെട്ടിട നിർമ്മാണ രീതികൾ വ്യാപകമാക്കിയതും, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി സമസ്ത മേഖലകളിലും മാറ്റങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താനായത് ജനങ്ങളെ ചേർത്തുപിടിച്ചുള്ള സർക്കാരിന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി അമ്പലപ്പുഴ കട്ടക്കുഴിയിൽ നടന്ന ചടങ്ങിൽ എച്ച് സലാം എം എൽ എ അധ്യക്ഷനായി.