കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി.

കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ കൃത്യമായ ഇടപെടൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും സ്ത്രീകളുടെ ആരോഗ്യ പരിരക്ഷക്കായി പഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വികസന സദസിൽ അവതരിപ്പിച്ചു. പശ്ചാത്തല വികസവ മേഖലയിൽ 13 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സേവന മേഖലയിൽ 33 കോടി രൂപയും ഉത്പാദന മേഖലയിൽ നാല് കോടി രൂപയുടെ വിവിധ പദ്ധതകളുമാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. ലൈഫ് ഭവനപദ്ധതിയിൽ 695 ഗുണഭോക്താക്കൾക്കാണ് ഗ്രാമപഞ്ചായത്ത് വീടുകൾ നൽകുന്നത്. ഇവരിൽ 36 പേരുമായി കരാറിൽ ഏർപ്പെട്ടു. 149 വീടുകളുടെ നിര്‍മാണം പൂർത്തീകരിച്ചു. പഞ്ചായത്തിലുള്ള 107 അതിദാരിദ്ര കുടുംബങ്ങളിൽ 71 കുടുംബങ്ങളെ അതിദരിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി.

കെ-സ്മാര്‍ട്ട് മുഖേന 35363 സേവനാപേക്ഷകള്‍ ലഭിക്കുകയും 32306 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ 1593 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നൽകിയ പച്ചത്തുരുത്ത് പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും ഗ്രാമപഞ്ചായത്തിന്  ലഭിച്ചു.

വികസന സദസിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ വാർഡ് അടിസ്ഥാനത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വിനോദസഞ്ചാര യാത്രകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കണമെന്ന ആവശ്യമുയര്‍‌ന്നു. തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലവസരങ്ങളും  തൊഴിൽ ദിനങ്ങളും കൂട്ടണം. കൂലി വർദ്ധിപ്പിക്കണം. കോറോം പിഎച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം. വയനാടിന്റെ കവാടമായ നിരവിൽപ്പുഴ ടൗൺ ഹരിത വത്ക്കരിച്ച് സഞ്ചാരികളെ സ്വീകരിക്കാൻ സജ്ജമാക്കണം. ഇരുമ്പകം കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുക, ഇണ്ട്യേരിക്കുന്ന് ചെക്ക് ഡാമിൽ ഇരുമ്പ്ഷട്ടർ സ്ഥാപിക്കുക, വെള്ളമുണ്ട-തൊണ്ടർനാട് ഗ്രാമപഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഇണ്ട്യേരിക്കുന്ന്- പഴഞ്ചന പാലം റോഡ് പുന:നിർമിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവതരിപ്പിച്ചു.

രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ശാസ്ത്രീയ കൃഷി പരിശീലനം നടത്തുക, ഹോമിയോ ആശുപത്രിക്ക് വേണ്ടി കെട്ടിടം നിർമിക്കുക, പാലങ്ങൾക്ക് ഡ്രൈനേജ് നിർമിക്കുക, വയോജനങ്ങൾക്കായി പകൽ വീടുകൾ ഒരുക്കുക, ആരുമില്ലാത്ത വയോജനങ്ങൾക്ക് ഭക്ഷണം, ചികിത്സ, സ്ഥിരമായ താമസം എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവ ഓപ്പൺ ഫോറത്തിൽ നിർദ്ദേശങ്ങളായി ഉയര്‍ന്നുവന്നു.

ക്ഷീര കർഷകർ ഏറെയുള്ള പഞ്ചായത്തിൽ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കണം. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകി പൂക്കോട്ട് കടവിൽ പാർക്ക് നിർമ്മണം, കുങ്കിച്ചിറ മ്യൂസിയത്തിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഓപ്പൺ ഫോറത്തിൽ ഉയർന്നു.

തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ടി അരവിന്ദാക്ഷൻ, രവി കുമാർ, പി പി മൊയ്തീൻ, പി എ കുര്യാക്കോസ്, ചന്തു മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വർഗ്ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ മാസ്റ്റർ, വികസന സദസ്സ് റിസോഴ്സ് പേഴ്സൺ സാക്ഷരത പ്രേരക് എം ആർ ഷാജു മോൻ, ഹരിത കർമസേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ, സംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.