വീര കേരളവർമ്മ പഴശ്ശിരാജയുടെ 214-ാം ഓർമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പഴശ്ശി സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും ഏകദിന ചരിത്രസെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി. നസീമ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ അനിഷേധ്യ നേതാവായ പഴശ്ശിയുടെ ചരിത്രം ഭാവിതലമുറയ്ക്ക് ഊർജം പകരുന്നതാണെന്ന് അവർ പറഞ്ഞു.
വാദ്യമേളങ്ങളോടെ ഘോഷയാത്രയായെത്തിയ ജനപ്രതിനിധികൾ, സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പഴശ്ശി ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പഴശ്ശി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന സെമിനാറിൽ പഴശ്ശി സ്മരണകൾ, നാടൻപാട്ടിലെ പഴശ്ശിരാജ: തദ്ദേശീയ പ്രതിനിധാനവും വ്യത്യസ്ത കാഴ്ചപ്പാടുകളും, ജനകീയ പ്രതിരോധത്തിന്റെ പഴശ്ശി മാതൃക, പഴശ്ശി ചരിത്രത്തിലെ ഗോത്രവർഗ പോരാട്ടങ്ങളും ഒളിസാന്നിധ്യങ്ങളും: ചരിത്രവും പുരാവൃത്തവും പുനർവായിക്കുമ്പോൾ എന്നി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. എം.ആർ. രാഘവവാരിയർ, ഡോ. വി.വി. ഹരിദാസ്, ഡോ. പി.ജെ. വിൻസന്റ്, പി.രസ്‌ന എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ്മത്സര വിജയികളായ കെ. ഷമീർ, ഷമീന കെ. കടവത്ത്, കെ.എസ്. ദീപ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ ഉപാധ്യക്ഷ ശോഭ രാജൻ അധ്യക്ഷത വഹിച്ചു. ജനപ്രതിധിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മാനന്തവാടി നഗരസഭ, പഴശ്ശി ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.