പഞ്ചായത്തിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്. അകമ്പാടം ഏദന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മനോഹരന്‍ ഉത്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്‌സണ്‍ കെ പി സലീം സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ സുനിത പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവിനുള്ളില്‍ 40 കോടി 25 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയത്. ആരോഗ്യ മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കിയതിന് ജില്ലാതല ആര്‍ദ്രം പുരസ്‌കാരം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 2018-19 പ്രളയത്തില്‍പ്പെട്ട 34 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കി. അതിദാരിദ്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ കണ്ടെത്തിയ 89 കുടുംബങ്ങളെയും അതിദാരിദ്യത്തില്‍ നിന്ന് മുക്തരാക്കി. ഡിജി കേരളം – ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 100 ശതമാനം പഠിതാക്കളേയും സാക്ഷരതയിലേക്ക് എത്തിക്കാന്‍ സാധിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ 360 വീടുകളാണ് പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയത്. 22 ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി 64 ശതമാനം വാതില്‍പടി മാലിന്യ ശേഖരണമാണ് നടപ്പിലാക്കി വരുന്നത്. 18 ബോട്ടില്‍ ബൂത്തുകളും ഏഴ് എം സി എഫ് കളും ഗ്രാമപഞ്ചത്തില്‍ സ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-സ്മാര്‍ട്ടിലൂടെ വീഡിയോ വിവാഹ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ഫയലുകളാണ് തീര്‍പ്പാക്കിയത്. പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട്, ധനസഹായം കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ എന്നിവ നല്‍കാന്‍ ചാലിയാര്‍ പഞ്ചായത്തിന് സാധിച്ചു. 38 ലക്ഷം രൂപ ചിലവഴിച്ച് വഴിയോര വിളക്കുകള്‍ സ്ഥാപിക്കുകയും കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിട നിര്‍മാണവും പഞ്ചായത്ത് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഹില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാരായ പി ടി ഉസ്മാന്‍, മിനി മോഹന്‍ദാസ്, വിശ്വനാഥന്‍ കല്ലേമ്പാടത്ത്, അബ്ദുല്‍ മജീദ് ആമ്പുക്കാടന്‍, ഷെരീഫ് അഴുവളപ്പില്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി ഹരികൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
