അഞ്ചു വര്‍ഷക്കാലയളവിലെ ഭരണനേട്ടം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സമഗ്ര മേഖലയിലും മുന്നില്‍ത്തന്നെ. ലൈഫ് ഭവന പദ്ധതിയ്ക്ക് 10.5 കോടി രൂപ ചെലവഴിച്ച് ജില്ലയില്‍ തന്നെ മാതൃകയായി. 356 വീടുകളില്‍ 254 എണ്ണം പൂര്‍ത്തീകരിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ 13 ഓളം ബോട്ടില്‍ ബൂത്തുകളും 24 എം.സി.എഫുകളും നിര്‍മ്മിച്ചു. കെ-സ്മാര്‍ട്ട് വഴി 2464 സേവനങ്ങള്‍ ലഭ്യമായി. 501 ഫയലുകള്‍ തീര്‍പ്പാക്കി.

പാലിയേറ്റീവ് മേഖലയില്‍ 49.92 ലക്ഷം രൂപ ആണ് ചെലവഴിച്ചത്. 174.54 രൂപ മറ്റ് പശ്ചാത്തല സൗകര്യ വികസനത്തിനായി ചെലവഴിച്ചു. കാര്‍ഷിക മേഖലകളില്‍ വനിതകള്‍ക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചു. സമഗ്ര നെല്ല് കൃഷിയില്‍ 2200 ടണ്‍ നെല്ല് ഉത്പാദനം വര്‍ധിപ്പിക്കാനായി. അരിമ്പന്‍ കുണ്ട്, മുല്ലമാട്, നടുപ്പോട്ട് കോള്‍പടവില്‍ വൈദ്യുതി ലൈന്‍ നീട്ടി സ്ഥാപിക്കാന്‍ സാധിച്ചു. മൃഗാശുപത്രിയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുഷ്-ആരോഗ്യ കേന്ദ്രങ്ങളില്‍ ജില്ലയില്‍ ഒന്നാമതാകാന്‍ പഞ്ചായത്തിന് സാധിച്ചു. ഒപ്പം തന്നെ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് പ്രഥമ ആയുഷ് കായകല്‍പ് പുരസ്‌കാരം ഏറ്റുവാങ്ങാനും സാധിച്ചു.

പുറങ്ങ് എ.എല്‍.പി സ്‌കൂളിന് 25 സെന്റോളം സ്ഥലം വാങ്ങി നല്‍കാനായി. നിര്‍ധന കുടുംബങ്ങളിലെ ടി.ബി,കിഡ്നി രോഗം, ഹൃദ്രോഗം, ഓട്ടിസം, ക്യാന്‍സര്‍ തുടങ്ങിയ അസുഖമുള്ളവരുടെ ആരോഗ്യ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന പീയൂഷം പദ്ധതിയ്ക്കായി 44865 രൂപ ചെലവഴിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മികച്ച കുടുംബങ്ങളെ തിരഞ്ഞെടുത്തു ആദരിക്കുന്ന ഹരിത ഭവനം പദ്ധതി, തീരദേശ നിവാസികള്‍ക്കായി മൊബൈല്‍ ജീവിതശൈലി രോഗ ക്ലിനിക്ക് എന്നിവയും നടത്തിവരുന്നു.

മികച്ച പ്രവര്‍ത്തന മികവുകൊണ്ട് തുടര്‍ച്ചയായി സ്വരാജ് ട്രോഫി, നാലു ദേശീയ വാര്‍ഡുകള്‍, സംസ്ഥാനതല ജൈവവൈവിധ്യ പുരസ്‌കാരം, സംസ്ഥാനതല ഹരിത കേരള പുരസ്‌കാരം, തുടര്‍ച്ചയായി മഹാത്മാ പുരസ്‌കാരം എന്നിവയും പഞ്ചായത്തിന് സ്വന്തമാക്കാനായി

മാറഞ്ചേരി സല്‍ക്കാര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചറുടെ അധ്യക്ഷതയില്‍ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി. സരിന്‍ ഉദ്ഘാടനം ചെയ്തു.

പല ബുദ്ധിമുട്ടുകളും തരണം ചെയ്തു കൊണ്ടാണ് ഓരോ പൊതുപ്രവര്‍ത്തകരും വികസനം നടപ്പില്‍ വരുത്തുന്നത്. രാഷ്ട്രീയ ഭേദമെന്യേ എല്ലായിടത്തും വികസനം എത്തിക്കുമ്പോഴാണ് ഒരു യഥാര്‍ത്ഥ പൊതുപ്രവര്‍ത്തനം നടക്കുന്നത്. അടിത്തട്ടില്‍ പുരോഗമനം ഉണ്ടാകണമെങ്കില്‍ അതിന് കഴിവുള്ള നേതാക്കന്മാരും ഉണ്ടാവണമെന്ന് പി. സരിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പഞ്ചായത്ത് സമഗ്ര മേഖലയിലും നേട്ടം കൈവരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയ വ്യക്തികളെ സദസ്സില്‍ പി. സരിന്‍ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും നടന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന മുഹമ്മദാലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, മെമ്പര്‍മാരായ ബല്‍ക്കീസ്, റെജുല ആലുങ്ങല്‍, നിഷ വലിയ വീട്ടില്‍, രജൂല ഗഫൂര്‍, അബൂബക്കര്‍ നിഷാദ്, മെഹറലി കടവില്‍, സമീറ ഇളയേടത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു. അംഗനവാടി, കുടുംബശ്രീ, ഹരിത കര്‍മസേന, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.