അഞ്ചുവര്‍ഷക്കാലയളവില്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ സമഗ്ര വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടന്നു. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീന അധ്യക്ഷയായി. പരിപാടിയില്‍ പഞ്ചായത്തിന്റെ സമഗ്ര വികസനം ആവിഷ്‌കരിക്കുന്ന വീഡിയോ പ്രദര്‍ശനം നടന്നു.

മാലിന്യ സംസ്‌കരണം, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, വയോജനക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജല വിതരണം, കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ എല്ലാം ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് ക്രിയാത്മകമായ മുന്നേറ്റം നടത്താന്‍ പഞ്ചായത്തിന് കഴിഞ്ഞു.

മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ മികച്ച പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കണ്ടെത്തിയ എല്ലാ ആളുകള്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും അതി ദാരിദ്ര്യ വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാറി.

കാര്‍ഷിക ഗ്രാമമായ വാഴക്കാടിന്റെ കാര്‍ഷിക മേഖലയിലുള്ള വളര്‍ച്ചയ്ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും 3.5 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ചെയ്തുവരുന്നത്. കൃഷി പ്രോത്സാഹനത്തിനായി വാഴ, നെല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുകയും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കൂലി ലഭ്യമാക്കുകയും ചെയ്യുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 500ലധികം വീടുകളുടെ റിപ്പയറിങ്ങിനും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീടുകളുടെ നിര്‍മാണവും നടത്തി. പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവാഹ ധനസഹായം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.

ചീക്കോട് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ വലിയ രീതിയില്‍ പുരോഗമിച്ചു. 90 ശതമാനത്തോളം പദ്ധതി പൂര്‍ത്തീകരിക്കുകയും ഹൗസ് കണക്ഷനുകള്‍ നല്‍കുന്നതിനും പഞ്ചായത്തിന് സാധിച്ചു. 61 ലക്ഷത്തോളം രൂപ ചെലവഴിച്ച് എടവണ്ണപ്പാറ ബസ്റ്റാന്‍ഡ് നവീകരിച്ചു. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ തന്നെ ഏറ്റവും വലിയ വലിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ന്ന വാഴക്കാട് ഹൈടെക് കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ പ്രധാന വികസന നേട്ടങ്ങളില്‍ ഒന്നായി.
ഇതോടൊപ്പം ജനകീയ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാനത്ത് ആദ്യമായി ജനസഭ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉല്ലാസ യാത്രകള്‍ക്ക് ജില്ലയില്‍ ആദ്യമായി തുടക്കം കുറിക്കാനും വാഴക്കാട് പഞ്ചായത്തിന് സാധിച്ചു.

പരിപാടിയില്‍ സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്‌സല്‍, ആയിഷ മാരാത്ത്, പി.കെ. റഷീദ്, പി.വി. സക്കറിയ, കെ.സി. മൂസക്കുട്ടി, സി. ബഷീര്‍ മാസ്റ്റര്‍, ശിഹാബ് ഊര്‍ക്കടവ്, ജമീല യൂസഫ്, പി.കെ. സുഹറ, ടി. അയ്യപ്പന്‍കുട്ടി, സരോജിനി ഒട്ടുപാറ, പി.ടി. വസന്തകുമാരി, എം. കോമളം, പി.കെ. സാബിറ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി. സിദ്ദീഖ് മാസ്റ്റര്‍, ജൈസല്‍ എളമരം, വി. രാജഗോപാലന്‍ മാസ്റ്റര്‍, മലയില്‍ അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് സെക്രട്ടറി എസ്. പ്രശാന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.