വികസന നേട്ടങ്ങളുടെ നേർക്കാഴ്ച ഒരുക്കി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനും കുടിവെള്ള വിതരണ സൗകര്യങ്ങൾ വിപുലീകരിക്കാനും ആയി 4.39 കോടി രൂപ ചെലവഴിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 8.07 കോടി രൂപ ലൈഫ് പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളുടെ ഭവന നിർമ്മാണത്തിനും ഭൂരഹിതർക്കു ഭൂമി വാങ്ങാനും പഴയ വീടുകളുടെ നവീകരണത്തിനായും നിക്ഷേപ ഇനത്തിൽ വകയിരുത്തി എന്നും റോഡ് വികസനത്തിന് മാത്രമായി 6.54 കോടി രൂപയാണ് ചെലവഴിച്ചത് എന്നും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2.53 കോടി രൂപ ആരോഗ്യ മേഖലയുടെ വികസനത്തിന് പഞ്ചായത്ത് ചെലവഴിച്ചു. ഫാമിലി ഹെൽത്ത് സെന്ററുകൾ സമഗ്രമായ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകൾ ആക്കിമാറ്റി. അഗതി ആശ്രയ ഗുണഭോക്താക്കൾക്കായി 45.32 ലക്ഷം രൂപ ചിലവിൽ മരുന്ന്, സാമ്പത്തിക സഹായം, ആഹാരം എന്നിവ നൽകാനും പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടായ ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവിൽ പുതിയ ഓഫീസ് മന്ദിരവും ഈ വർഷം പ്രവർത്തനമാരംഭിച്ചു എന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ വികസനങ്ങൾക്ക് 2.23 കോടി രൂപയാണ് ചെലവഴിച്ചത്.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന സദസ്സിൽ വൈസ് പ്രസിഡന്റ് ഷീബ മൻസൂർ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷനായ എൽ അമ്പിളി, എൽ മൻസൂർ, പഞ്ചായത്ത് സെക്രട്ടറി എസ് ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ആർ ദാസ്, പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജോയി, രശ്മി രഞ്ജിത്ത്, വിജയാംബിക, സജു പ്രകാശ്, ഹരിത കർമ്മ സേനാഗംങ്ങൾ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
