സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയിലൂടെ ആറ് മാസം കൊണ്ട് തകഴി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് തോമസ് കെ തോമസ് എം എൽ എ പറഞ്ഞു. തകഴി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടഹാരം പാലം എത്രയും വേഗം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. തുടർന്ന് വികസനരേഖ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ടി എസ് എസ് ജി യു പി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി.
റിസോഴ്സ് പേഴ്സൺ ജി ടി അഭിലാഷ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി ബി നവാസ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു.
തകഴി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മുരളി ഓപ്പൺ ഫോറം നയിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എസ് ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മദൻ ലാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ, റീന മതികുമാർ, ബെൻസൺ ജോസഫ്, മീര ഗിരീഷ്, പുഷ്പമ്മ ചെറിയാൻ, ആമിന സാലി, സി ഡി എസ് ചെയർപേഴ്സൺ ഗീതാ മുരളി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി മനോജ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
