സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 178 ഹൈ ടെക് അങ്കണവാടികൾ പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്താണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. കുമാരപുരം പഞ്ചായത്ത് വികസന സദസ്സ് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.
കഴിഞ്ഞ 10 വർഷക്കാലം വികസനത്തിൻ്റെ പുതിയ പാത ഒരുക്കിയാണ് സർക്കാർ മുന്നോട്ടുപോയത്. നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ 3648 പേർ ജില്ലയിൽ അതിദാരിദ്ര്യ മുക്തമാകും. സ്കൂളുകൾ, അങ്കണവാടികൾ, ആശുപത്രി കെട്ടിടങ്ങൾ, ദേശീയപാത നിർമ്മാണം എന്നിങ്ങനെ നിരവധി പദ്ധതികളാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളെയും ചേർത്തുനിർത്തിയാണ് ഈ വികസന പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കുന്നത്. ചരിത്രത്തിൽ ഇത്രയേറെ വികസനങ്ങൾ നടന്ന കാലം വേറെയില്ലായെന്നും ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ വ്യാവസായിക നിക്ഷേപം സംസ്ഥാനത്തേക്ക് വരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു.
പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 180 വീടുകൾ പൂർത്തീകരിച്ചു നൽകിയതായും 22 പേർക്ക് ഭൂമി വാങ്ങി നൽകിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി ‘ശുചിത്വ കുമാരപുരം സുന്ദര കുമാരപുരം’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചു. വിശപ്പ് രഹിത കുമാരപുരം എന്ന നൂതന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയതായും പഞ്ചായത്തിലെ കൗമാരക്കാരായ മുഴുവൻ പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ സൂസി അധ്യക്ഷയായി. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ കെ മധു വിശിഷ്‌ടാതിഥിയായി. റിസോഴ്‌സ് പേഴ്സൺ ആർ രഞ്ജിത്ത് സംസ്ഥാന സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി റ്റി എസ് ശ്രീകുമാർ ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ പ്രതിഭകൾ, ഹരിതകർമ്മസേന, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് ചടങ്ങിൽ ആദരവ് നൽകി. സദസ്സിനോടനുബന്ധിച്ച് മെഗാ എക്സിബിഷൻ, വിജ്ഞാനകേരളം തൊഴിൽമേള, ജീവിതശൈലി രോഗനിർണയ ക്യാമ്പ്, കുടുംബശ്രീ ഉൽപ്പന്ന – വിപണന മേള, ചിത്ര പ്രദർശനം, കാർഷിക ഉത്പന്ന വിപണനം, ഹരിതകർമ്മസേന ഫുഡ് കോർട്ട് എന്നിവയും ഒരുക്കി.
