മാലൂർ പഞ്ചായത്ത്‌ വികസനഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച തൃക്കടാരിപ്പൊയിൽ ഷോപ്പിംഗ് കോംപ്ലക്സ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലൂടെ അഞ്ച് വർഷം കൊണ്ട് 85000 കോടിയുടെ വികസനം നടത്തിയെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയും സ്ഥാപനങ്ങളുടെ തനതു ഫണ്ടും ഉപയോഗിച്ചാണ് ഇത്രയും വികസനം നാട്ടിൽ കൊണ്ടുവന്നത്. സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 70000 കോടി രൂപയിൽ 41000 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്ക് മാത്രമാണ്. 18000 കോടി രൂപ മെയിന്റനൻസ് ഗ്രാന്റ് ആണ്. 11000 കോടി രൂപ ജനറൽ പർപ്പസ് ഗ്രാന്റ് ആണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യകമ്മീഷൻ ശുപാർശ അംഗീകരിച്ച് പ്രതിവർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം അഞ്ചു ശതമാനം വീതം കൂട്ടിക്കൊടുക്കാൻ സർക്കാർ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.

മാലൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കടാരിപ്പൊയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച ഷോപ്പിങ് കോംപ്ലെക്സിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.188.85 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ വാണിജ്യാവശ്യത്തിനുള്ള എട്ട് കടമുറികളും സാനിറ്റേഷൻ സൗകര്യവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കെ. കെ. ശൈലജ ടീച്ചർ എം. എൽ. എ അധ്യക്ഷപ്രസംഗം ഓൺലൈൻ ആയി നിർവ്വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ പി എസ്.മഞ്ചേഷ്‌കർ പദ്ധതി വിശദീകരണം നടത്തി. മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചമ്പാടൻ ജനാർദ്ദനൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ‌ൺ പ്രേമി പ്രേമൻ,പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ സി. രജനി,കോയിലോടൻ രമേശൻ,രേഷ്‌മ സജീവൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിഹാബ് പട്ടാരി, വാർഡ് മെമ്പർ കെ. സഹദേവൻ, തദ്ദേശവകുപ്പ് ഡിഡി രാജേഷ് , പഞ്ചായത്ത് സെക്രട്ടറി കെ ആർ സുജിത്, സി ഡി എസ് ചെയർപേഴ്സൺ കെ സുമതി, പുഷ്പരാജൻ മാസ്റ്റർ,അജയകുമാർ,പാറ വിജയൻ,പി.ധനേഷ്,സുരേന്ദ്രൻ മുള്ളോറ,ഒ സുരേഷ്,കെ രാജേഷ് എന്നിവർ സംസാരിച്ചു.