മലപ്പുറം ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

എസ്.ഐ.ആർ. പരിഷ്കരണവുമായി ബന്ധപ്പെട്ട് എല്ലാ ബി.എല്‍.ഒ മാര്‍ക്കും ഇതിനോടകം തന്നെ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ ബി.എൽ.എയുടെ സേവനം ആവശ്യമായതിനാൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവന്‍ ഏജന്റുമാരെ നിയമിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിർദേശിച്ചു.

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി ജില്ലയില്‍ ഹെല്‍പ് ഡെസ്ക്ക് ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുരെയായിരിക്കും ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം. ഹെൽപ് ഡെസ്കിലേയ്ക്ക് വിളിക്കേണ്ട നമ്പർ: 7907031909.