തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പെരുമാറ്റചട്ടലംഘന പരാതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി  കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ട നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നടപടികളിലൂടെ നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. പരിഗണിച്ച ആറു പരാതികളിലും നടപടി സ്വീകരിച്ചു. അടിസ്ഥാനരഹിതമായവ തള്ളിക്കളഞ്ഞു.

അര്‍ധസര്‍ക്കാര്‍ ജീവനക്കാരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവെന്ന പരാതി നാമനിര്‍ദേശ പത്രിക സമര്‍പിച്ചില്ലെന്ന്കണ്ട് തള്ളി. പേരയത്ത് ഫ്ളെക്‌സുകളും ഹോര്‍ഡിംഗുകളും വയ്ക്കുന്ന പരാതിയെ തുടര്‍ന്ന് അവ നീക്കംചെയ്യാന്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കി. നടപടി പൂര്‍ത്തിയാക്കി പരാതിക്കാരന് മറുപടി നല്‍കും.

തൃക്കരുവയില്‍ കിണര്‍ ഇടിഞ്ഞ് കുടിവെള്ളംമുടങ്ങിയ പശ്ചാത്തലത്തില്‍ അറ്റകുറ്റപണിക്കായുള്ള ടെന്‍ഡര്‍ അനുമതിക്കായി സംസ്ഥാനതല പെരുമാറ്റചട്ട നിരീക്ഷണസമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു. സമിതിയുടെ തീരുമാനപ്രകാരം തുടര്‍നടപടി സ്വീകരിക്കും.

കരുനാഗപ്പള്ളിയില്‍ കോഴി, പോത്ത് എന്നിവയുടെ വിതരണം പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പാണെന്ന റിപോര്‍ട്ട് പരിഗണിച്ച് മറുപടി നല്‍കും. ഇതര പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും വ്യക്തമാക്കി.
യോഗത്തില്‍ കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, സമിതി അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.